ഇരിമ്പിളിയം: സ്കൂളിന് സമീപത്തുനിന്ന് മണ്ണെടുത്തതോടെ ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം സുരക്ഷാ ഭീഷണിയിൽ. വലിയകുന്ന്-ഇരിമ്പിളിയം റോഡിന് സമീപം സ്കൂൾ കെട്ടിടത്തോടു ചേർന്നുള്ള കുന്നിൽ നിന്നാണ് അശാസ്ത്രീയമായി മണ്ണ് എടുത്തത്. പാലിയേറ്റിവിന് കെട്ടിടം നിർമിക്കുന്നതിന് വേണ്ടിയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് കുന്നിടിച്ച് മണ്ണെടുത്തത്.
കുന്നിന് സമീപത്തായി ഇരിമ്പിളിയം പഞ്ചായത്ത് ഓഫിസും, അൽപം ദൂരത്തായി ഇരിമ്പിളിയം വില്ലേജ് ഓഫിസും പ്രവർത്തിക്കുന്നുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണെടുത്ത സ്ഥലത്തിനോട് ചേർന്ന കെട്ടിടം സുരക്ഷ ഭീഷണിയിലാണെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ച് അപകട സാധ്യതയുണ്ടെങ്കിൽ ക്ലാസുകൾ മറ്റൊരു ഭാഗത്തേക്ക് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗവ. ഹൈസ്കൂളിന് സമീപം പെയിൻ ആൻറ് പാലിയേറ്റിവ് കെട്ടിട നിർമാണ ആവശ്യത്തിലേക്ക് മണ്ണ് നീക്കിയത് സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക അകറ്റുന്നതിനായി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഷഹനാസിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് എൻജിനീയറെക്കൊണ്ട് പരിശോധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കും.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലിയേറ്റിവ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, പൂർവ വിദ്യാർഥി സംഘടന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർ പ്രവർത്തനങ്ങൾക്കായി 15 അംഗ സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.