വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിക്കടവ് പാലത്തിന്റെ പുനരുദ്ധാരണ പദ്ധതിക്കായി ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നിർദേശ പ്രകാരം പൊതുമരാമത്ത് (പാലം) വിഭാഗം സാങ്കേതിക വിഭാഗം പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ റീജ റിന്നയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
പാലത്തിന്റെ ബലക്ഷയം ചൂണ്ടികാണിച്ച് 2020 മുതൽ സാങ്കേതിക വിഭാഗം പൊതുമരാമത്ത് വകുപ്പിന് ഡി.പി.ആറിനായി സമീപിച്ചു. തുടർന്ന് ചെന്നൈ ഐ.ഇ.ടി ഉൾപ്പെടെയുള്ള വിദഗ്ധ സമിതി സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചതനുസരിച്ച് ചീഫ് ടെക്കനിക്കൽ എക്സാമിനടക്കുമുള്ളവർ പിന്നീട് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തിരുവനന്തപുരത്ത് യോഗം ചേരുകയും വിശദ പരിശോധന നടത്തി പാലം പുനരുദ്ധാരണ പ്രവൃത്തിയുടെ ഡി.പി.ആർ സമർപ്പിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകുകയുമായിരുന്നു.
അതേസമയം, പാലത്തിന്റെ ബലക്ഷം ശ്രദ്ധയിൽപ്പെട്ട ഉടനെ 2021ൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയ ആദ്യ നിവേദനം കടലുണ്ടിക്കടവ് പാലം പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയറോടൊപ്പം പൊതുമരാമത്ത് (പാലം) വിഭാഗം മഞ്ചേരി സബ് ഡിവിഷനൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ വിനോദ് ചാലിയിൽ, അസി. എൻജിനിയർ കാർത്തിക, ഓവർസിയർ വി. ലിജു, ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.