മലപ്പുറം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 6,46,473 പേർക്ക്

മഞ്ചേരി: ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് വൈറസ് ജില്ലയിലെത്തിയിട്ട് ഇന്നേക്ക് രണ്ട് വർഷം. 2020 മാർച്ച് 16നാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിയാണ് രോഗബാധിതയായത്. ചൊവ്വാഴ്ച വരെ 6,46,473 പേർക്ക് രോഗം ബാധിച്ചു. 5972 പേർ മരിച്ചു. 332 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി കഴിയുന്നത്.

ചൈനയിലെ വുഹാനിൽ രോഗം സ്ഥിരീകരിച്ചതോടെ തന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചിരുന്നു. 2020 ജനുവരി 24നുതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി ഐസൊലേഷൻ വാർഡ് സജ്ജമാക്കി. ചികിത്സ സംവിധാനങ്ങൾ വിപുലമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, ഗ്രേഡ് ടു ജീവനക്കാർ എന്നിവരെ നിയമിച്ചു. രോഗികളുടെ എണ്ണം വർധിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളജിനെ കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റി.

ആറാഴ്ചകൊണ്ട് 2500ലധികം പേർക്ക് രോഗം ബാധിച്ചു. ഹജ്ജ് ഹൗസ്, യൂനിവേഴ്സിറ്റി കാമ്പസ്, കാളികാവ് സഫ ആശുപത്രി, മഞ്ചേരി നോബിൾ വനിത കോളജ്, മുട്ടിപ്പാലം തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിലും പ്രാഥമിക ചികിത്സ സെന്‍ററുകൾ ആരംഭിച്ചു. 110 വയസ്സുള്ള രണ്ടത്താണി സ്വദേശിനിയെയും മാസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളെയും ഗർഭിണികളെയും ജില്ലയിലെ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് ജീവിതത്തിലേക്ക് കൈപ്പിടിച്ചുയർത്തി. സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത് മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു. കോവിഡ് മുക്തരായ ആയിരത്തിലധികം പേർ ആശുപത്രിയിലെത്തി പ്ലാസ്മ ദാനം ചെയ്തതും ജില്ലയുടെ മാത്രം പ്രത്യേകതയാണ്.

Tags:    
News Summary - In Malappuram district, 6,46,473 people were affected by Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.