മലപ്പുറം: ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. വൈറൽ പനി, ഡെങ്കി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ അസുഖങ്ങളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. 10 ദിവസത്തിനിടെ 13,419 പേരാണ് വിവിധ ആശുപത്രികളിൽ വൈറൽ പനി കാരണം ചികിത്സ തേടിയത്. ഇതിൽ 30 പേർക്ക് ഡെങ്കിപ്പനി ലക്ഷണം കണ്ടെത്തി. എട്ടുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മമ്പാട്, മഞ്ചേരി, കീഴാറ്റൂർ, തവനൂർ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. ഇടക്കിടെ വന്നുപോകുന്ന മഴയാണ് ഡെങ്കിപ്പനിക്ക് കാരണം. എലിപ്പനിയുടെ ലക്ഷണം 10 പേരിൽ കണ്ടെത്തി. 11 പേർക്ക് സ്ഥിരീകരിച്ചു. കാളികാവ്, മൂത്തേടം, കരുളായി, വണ്ടൂർ, മഞ്ചേരി, മമ്പാട്, വഴിക്കടവ്, തൃക്കലങ്ങോട്, കാവനൂർ, തൃപ്പനച്ചി, ഊർങ്ങാട്ടിരി, തുവ്വൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു. 10 ദിവസത്തിനിടെ രണ്ടുപേർക്ക് മലേറിയ ബാധിക്കുകയും നന്നമ്പ്രയിൽ ഒരാൾ മരിക്കുകയും ചെയ്തു. ദിനംപ്രതിയുള്ള കോവിഡ് കേസുകൾക്ക് പുറമെയാണ് ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നത്. ജില്ല ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും നിരവധി പേരാണ് ദിവസവും ചികിത്സ തേടുന്നത്.
ചികിത്സ തേടുന്നവരിൽ കൂടുതലും കുട്ടികളാണ്. ആശുപത്രികളിൽ മരുന്നിന് ക്ഷാമമില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിലും സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ തന്നെയാണ് രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ക്ഷാമം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.