മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. പ്രായമായവരാണ് അധികവും ചികിത്സ തേടുന്നത്. ഇവരിൽ പലരും മറ്റ് അസുഖങ്ങളുമായി എത്തുന്നവരാണ്. മലപ്പുറം താലൂക്ക് ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും നിലവിൽ ചികിത്സ തേടുന്നവരിൽ പലർക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പനി, ചുമ, തൊണ്ടവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരിലാണ് കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ആഴ്ച വരെ ജില്ലയിൽ 10 മുതൽ 14 വരെ കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച 32 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 78 പേർക്കാണ് രോഗബാധ. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച 12 കേസുകൾ പരിശോധിച്ചതിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവണ്ട്. രോഗബാധ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് കർശന നിർദേശം നൽകി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രികളിൽ എത്തുന്നവർക്കുമെല്ലാം മാസ്ക് കർശനമാക്കി. മാസ്ക് ഇല്ലാതെ എത്തുന്നവരെ പരിശോധിക്കരുതെന്ന് ജില്ല ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിഷു, ഈസ്റ്റർ, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ അടുത്തെത്തിയതിനാൽ ജനസമ്പർക്കം ഉയരും. ഈ സാഹചര്യത്തിൽ കോവിഡ് കേസുകൾ ഇനിയും ഉയരാനിടയുണ്ട്. പൊതുഇടങ്ങളിലും ആഘോഷ വേളകളിലും മാസ്ക് ധരിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും ജില്ല ആരോഗ്യവകുപ്പ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.