കാളികാവ്: സി.പി.എം ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചാഴിയോട് ബ്രാഞ്ച് സെക്രട്ടറി എ. സിറാജുദ്ദീെൻറ പരാജയത്തെ തുടർന്ന് വിവാദം. സിറാജുദ്ദീനെ പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അതേ ബ്രാഞ്ചിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി. ഹസീന നേതൃത്വത്തിന് രാജി നൽകിയതായാണ് വിവരം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥിരംസമിതി ചെയർപേഴ്സനായിരുന്നു ഹസീന. ബ്രാഞ്ച് സെക്രട്ടറിയുടെ പരാജയത്തെ തുടർന്ന് ചാഴിയോട്ടെ പ്രവർത്തകർക്കിടയിൽ പ്രതിഷേധം നിലനിൽക്കുകയാണ്.
സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളുടെ പാനലാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ, ഇതിൽ സിറാജുദ്ദീെൻറ പേരുണ്ടായിരുന്നില്ല. തുടർന്ന് മത്സരിച്ചുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടു.
ഇതാണ് വിവാദങ്ങൾക്ക് കാരണം. പ്രതിനിധി സമ്മേളനത്തിൽ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും അവയെയെല്ലാം അതിജീവിച്ചാണ് സി.പി.എം കാളികാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സി.ടി. സക്കരിയ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
75 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. നിലവിലെ ലോക്കൽ കമ്മറ്റി സെക്രട്ടറി സി.ടി. സക്കരിയ്യക്കെതിരെ പ്രതിനിധികൾ ഏറെ വിമർശനങ്ങൾ ഉയർത്തി. കഴിഞ്ഞ ടേമിൽ കാളികാവ് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം, പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി വോട്ട് അസാധുവാക്കിയതും ഫേസ്ബുക്കിൽ നടത്തിയ ഇടപെടലുകളും അംഗങ്ങൾ വിമർശനമായി ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.