കാളികാവ്: കേരള ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന വ്യാജ എഴുത്ത് ലോട്ടറി മലയോര ഗ്രാമങ്ങളിൽ വീണ്ടും സജീവം. കേരള ഭാഗ്യക്കുറിയുടെ സമാന്തരമായിട്ടാണ് വ്യാജലോട്ടറി പ്രവര്‍ത്തിക്കുന്നത്. സമ്മാനാര്‍ഹമായ കേരള ലോട്ടറി ടിക്കറ്റിന്റെയും സിക്കിം, ഭൂട്ടാൻ, മിസോറാം ലോട്ടറികളുടേയും അവസാനത്തെ മൂന്ന് അക്ക നമ്പറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറി പ്രവര്‍ത്തിക്കുന്നത്. എഴുത്ത് ലോട്ടറി ഉപഭോക്താക്കൾക്ക് സമ്മാനങ്ങളാണ് വ്യാജ ലോട്ടറിക്കാര് നല്‍കുന്നത്. പത്തുരൂപക്ക് ശരിയായ നമ്പർ എഴുതിയാൽ 5000 രൂപ വരെ സമ്മാനം ലഭിക്കും. കേരള ലോട്ടറികളടക്കമുള്ള ലോട്ടറികളുടെ നറുക്കെടുപ്പിന് മുമ്പാണ് നമ്പര്‍ എഴുതിവാങ്ങുന്നത്. ഫോണ്‍നമ്പറുകളും പേരും രേഖപ്പെടുത്തി സൂക്ഷിക്കുകയും കേന്ദ്രത്തിലേക്ക് കോപ്പി ഇ- മെയിലായി അയക്കുകയും ചെയ്യുന്നു. ചെറുകിട ഏജന്റുമാര്‍ ഇടനിലക്കാര്‍ക്ക് ഫോണ്‍ മുഖേന വിളിച്ച് പറഞ്ഞാണ് രേഖകള്‍ എത്തിക്കുന്നത്.
നറുക്കെടുപ്പിന്റെ ഫലം നോക്കി അവസാനത്തെ മൂന്നക്കങ്ങള്‍ ഒത്ത് വന്നാല്‍ സമ്മാനങ്ങള്‍ നല്‍കും. ലക്ഷങ്ങളാണ് ഓരോ സമാന്തര ലോട്ടറിക്കടകളിലും ദിവസവും ഇടപാട് നടക്കുന്നത്. സമ്മാനാര്‍ഹമായ തുക ഉടന്‍തന്നെ നല്‍കുകയും ചെയ്യുന്നു. കമ്പ്യൂട്ടറുകളും പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങളാണ് വ്യാജ ലോട്ടറി കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.
വന്‍തുക വാടക കൊടുത്താണ് പലയിടത്തും വ്യാജ ലോട്ടറി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ഓഫിസിന് കീഴിലും നിരവധി ഏജൻറുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തെ ചില പ്രമുഖരായ ആളുകളും ഇവര്‍ക്ക് സര്‍വവിധ സംവിധാനങ്ങളും ചെയ്ത് കൊടുക്കുന്നുണ്ട്. ഇത്തരം മാഫിയകളെ പിടികൂടാന്‍ പൊലീസ് ശ്രമിക്കാറില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പലയിടത്തും പൊലീസുമായി ഒത്തുകളിച്ചാണ് ഇത്തരം അനധികൃത ലോട്ടറികൾ പ്രവർത്തിക്കുന്നത്.
എഴുത്ത് ലോട്ടറിയെ കുറിച്ച് പത്രവാര്‍ത്തകൾ വരുന്നതോടെ ഏതാനും ദിവസം പ്രഹസനമായ പരിശോധന നടത്തുന്ന രീതിതന്നെയാണ് സമാന്തര ലോട്ടറിയുടെ കാര്യത്തിലും അധികൃതര്‍ ചെയ്യുന്നത്. ചിലയിടങ്ങളിൽ കേരള ലോട്ടറിയുടെ അംഗീകൃത ഏജന്‍സികളും സമാന്തരലോട്ടറിയും നടത്തുന്നു. നികുതിയോ മറ്റ് ചെലവുകളോ ഇല്ലാത്തതിനാലും വൻലാഭം കൊതിച്ചും പല പ്രദേശങ്ങളിലും നിരവധി പുതിയ ഏജന്റുമാരാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.