കാളികാവ്: ജില്ലയിലെ വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന നാലംഗ സംഘം പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശികളായ പുത്തൻവീട്ടിൽ ഷാജി ഇസ്മായിൽ (54), ചേലത്താൽ പറമ്പിൽ അബ്ദുൽ റസാഖ് (45), കാളികാവ് അടക്കാക്കുണ്ട് സ്വദേശി പറമ്പൻ രാജേഷ് (24), സുന്ദരൻ കാളികാവ് (35) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്.
കാളികാവ്, വേങ്ങര എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ് പ്രതികൾ വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയത്. ഒരു ഗ്രാം സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ നിർമിക്കുന്ന ഇടുക്കിയിലെ കടയിൽനിന്നാണ് വ്യാജ സ്വർണവളകൾ തരപ്പെടുത്തിയത്. ഇതുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. അടക്കാക്കുണ്ട് സ്വദേശിയായ രാജേഷ് മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയവെയാണ് ഷാജി ഇസ്മായിലിനെയും അബ്ദുൽ റസാഖിനെയും പരിചയപ്പെട്ടത്.
രാജേഷ് മുഖേന കാളികാവിലുള്ള സുന്ദരനും സംഘത്തിൽ ചേർന്നു. രാജേഷും സുന്ദരനും പരിചയക്കാരായ ഓട്ടോ ഡ്രൈവർമാരെ ഉപയോഗപ്പെടുത്തി കാളികാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് പണം വീതിച്ചെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പ്രതികൾ ഇത്തരം തട്ടിപ്പ് നടത്തി പണം തട്ടിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. കാളികാവ് പൊലീസ് ഇൻസ്പെക്ടർ എം. ശശിധരൻ പിള്ളയുടെ നേതൃത്വത്തിൽ എസ്.ഐമാരായ വി. ശശിധരൻ, സി. സുബ്രഹ്മണ്യൻ, എ.എസ്.ഐമാരായ അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അസ്ലം, സിവിൽ പൊലീസ് ഓഫിസർമാരായ വിനു, മനു ശ്രീധർ, മഹേഷ് ബാബു, സുരേഷ് ബാബു, സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.