കാളികാവ്: അമ്പലക്കടവിൽ 55 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ ആറുമാസമായിട്ടും തുമ്പില്ല. കാളികാവ് അമ്പലക്കടവിലെ പറച്ചിക്കോടൻ മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷണം പോയത്. 2024 മെയ് നാലിനാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ഏപ്രിൽ 14ന് സ്വർണം തലയണക്കുള്ളിലാക്കി അലമാരയുടെ മുകളിലാണ് സൂക്ഷിച്ചിരുന്നത്. വിദേശത്തുള്ള മുസ്തഫയുടെ ഭാര്യ കാളികാവ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുടുംബം പറയുന്നു.
സംഭവശേഷം പൊലീസ് മുസ്തഫയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. വീട്ടുകാരെ ഓരോരുത്തരെയായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പഴുതടച്ച അന്വേഷണം നടത്തി ദുരൂഹത നീക്കുകയും കുടുംബത്തിന് നഷ്ടമായ സ്വർണം വീണ്ടെടുക്കാൻ നടപടിയുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്വർണം സൂക്ഷിച്ച തലയണ അതേസ്ഥലത്തുതന്നെ ഉപേക്ഷിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ മുസ്തഫയുടെ ഭാര്യ സുലൈഖയും മാതാവും രണ്ടു കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷയത്തിൽ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും അഭിപ്രായം.
അതിനിടെ അന്വേഷണം അവസാനിപ്പിച്ചതായി ജൂൺ 24ന് കാളികാവ് പൊലീസിന്റെ സന്ദേശം മുസ്തഫയുടെ ഭാര്യക്ക് ലഭിച്ചിരുന്നു. സംഭവം രഹസ്യ ഏജൻസിക്ക് കൈമാറുമെന്ന് അന്നത്തെ അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ കുടുംബത്തോട് പറഞ്ഞുവത്രെ. വൻ മോഷണം നടന്നിട്ടും പ്രതിയെ പിടികൂടാത്തതിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.