കാളികാവ്: സൈനികര്‍ക്ക് ചികിത്സ നല്കാന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കാളികാവ് ഗവ. ആശുപത്രി തേടുന്നത് കൂടുതൽ സൗകര്യങ്ങൾ. സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്പെഷലിസ്റ്റ് തസ്തികകളും രാത്രികാല ചികിത്സയും ലഭ്യമാക്കണമെന്ന മുറവിളിക്ക് ഏറെ പഴക്കമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നും 2011ൽ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും സ്റ്റാഫ് നഴ്സ് ഉൾപ്പടെയുള്ളവരുടെ കുറവുണ്ട്. മലയോര മേഖലയിലെ നാല് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയമാണ് കാളികാവ് സി.എച്ച്.സി. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സി.എച്ച്.സിയില്‍ മികച്ച കെട്ടിട സൗകര്യങ്ങളുണ്ടെങ്കിലും ചികിത്സാരംഗം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
രോഗപ്രതിരോധ രംഗത്ത് ഏറെ മുന്നിലാണെങ്കിലും കിടത്തിച്ചികിത്സയും പ്രസവ ചികിത്സ അടക്കമുള്ള സംവിധനാങ്ങളും പുഃനസ്ഥാപിക്കേണ്ടതുണ്ട്. ഇതിന് സര്‍ക്കാര്‍തലത്തില്‍ നടപടി വേണമെന്നാണ് ആവശ്യം. സി.എച്ച്.സിയിൽ പീഡിയാട്രീഷ്യൻ ഉൾപ്പടെ അഞ്ച് സ്ഥിരം ഡോക്ടർമാരും ഒരു താൽക്കാലിക ഡോക്ടറും ഉണ്ട്. ഗൈനക്കോളജിസ്റ്റിനെ നിയമിച്ച് പ്രസവചികിത്സ പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. മെഡിക്കൽ ഓഫിസർ പി.യു. മുഹമ്മദ് നജീബിന്റെ നേതൃത്വത്തിൽ ഒ.പി ചികിത്സ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
ഈവനിങ് ഒ.പി സൗകര്യവുമുണ്ട്. എന്നാൽ രാത്രിയിൽ സ്ഥിരം ഡോക്ടറില്ലാത്ത പ്രശ്നമുണ്ട്. ഇത് കിടത്തി ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു. തൊട്ടടുത്ത കരുവാരകുണ്ട് സി.എച്ച്.സിയും തുവ്വൂർ കുടുംബാരോഗ്യ കേന്ദ്രവും ചോക്കാട് കുടുംബാരോഗ്യകേന്ദ്രവും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിൽ നിന്നും ആളുകൾ കാളികാവ് സി.എച്ച്.സിയെ ആശ്രയിക്കുന്നുണ്ട്. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയത കാരണം ഏറെ ഫണ്ട് ചെലവഴിച്ചിട്ടും ആശുപത്രിയിൽ ഭൗതിക സൗകര്യത്തിന്റെ ഞെരുക്കവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.