കാളികാവ്: മാളിയേക്കൽ ഗവ. യു.പി സ്കൂൾ കെട്ടിട നിർമാണത്തിലെ അപാകത സംബന്ധിച്ച് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് എൻജിനീയറും വിശദീകരണം തേടി. സ്കൂളിൽ കോണിപ്പടി നിർമിക്കാത്തതുമായി ബന്ധപ്പെട്ട മാധ്യമവാർത്തയെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടിയത്. നിലവിലെ പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിൽ നിർമിച്ച രണ്ടു ക്ലാസ് മുറികളിലേക്ക് കയറാൻ കോണിയില്ലാത്തതാണ് വാർത്തയായത്. നാട്ടുകാർ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചും സംഭാവനകളായും സമാഹരിച്ച നാലു ലക്ഷവും പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചെലവഴിച്ചാണ് രണ്ടു ക്ലാസ് മുറികൾ നിർമിച്ചത്. കെട്ടിട നിർമാണം പൂർത്തിയായി ഒരു വർഷത്തിലധികമായെങ്കിലും കോണിപ്പടി ഇതേവരെ നിർമിച്ചിട്ടില്ല. കെട്ടിടത്തിന്റെ പെയ്ന്റിങ് പ്രവൃത്തി മാത്രമേ ഇനി പൂർത്തീകരിക്കാനുള്ളൂ.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചോക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്. ചീഫ് എൻജിനീയർ കാളികാവ് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോടാണ് വിശദീകരണം തേടിയത്. കാളികാവ് ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എൻ. അനിൽ കുമാർ സംഭവ സ്ഥലം സന്ദർശിച്ച് സംസ്ഥാന ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകി.
പ്രശ്നപരിഹാരത്തിന് നടപടി നേരത്തേ തുടങ്ങിയിട്ടുണ്ടെന്ന് കാണിച്ചാണ് ഡി.ഡി.പി മുഖേന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചോക്കാട് പഞ്ചായത്ത് സെക്രട്ടറി പി. രാഘവൻ റിപ്പോർട്ട് നൽകിയത്. കെട്ടിടത്തിന്റെ അപാകതകൾ പരിഹരിക്കുന്നതിന് കോണിപ്പടി നിർമിക്കുന്നതിന് ടെൻഡർ നടപടികൾ തുടങ്ങിയതായും ഉടൻ പരിഹരിക്കാനാകുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
മാളിയേക്കൽ ഗവ. യു.പി സ്കൂൾ കെട്ടിടത്തിന് കോണിപ്പടി ഇല്ലാതെ ഒന്നാം നില പണിത വാർത്ത പുറത്ത് വന്നതോടെ നിർമാണ മേഖലയിൽ സംസ്ഥാനത്തുടനീളം ജാഗ്രത പുലർത്താൻ നിർദേശമുള്ളതായി അറിയുന്നു. എൻജിനീയറിങ് വിഭാഗവും കരാറുകാരും ജനപ്രതിനിധികളും ചേർന്ന് നടത്തുന്ന പ്രവൃത്തികൾ കൃത്യമായ പരിശോധന നടത്താൻ പ്രത്യേക നിർദേശങ്ങളും അധികൃതർക്ക് ഉന്നതർ നൽകിയിട്ടുണ്ട്. കോണി നിർമിക്കാൻ ഫണ്ട് കുറവാണ് തടസ്സമായതെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.