കാളികാവ്: ചോക്കാട് നാൽപ്പത് സെന്റ് ആദിവാസി നഗറിൽ ജീവിതം ദുരിതപൂർണം. നൂറോളം വീടുകളിലായി ഇരുനൂറിലധികം കുടുംബങ്ങളാണ് കോളനിയിലുള്ളത്. ജീവിതോപാധികൾ അടഞ്ഞതാണ് ഇവരുടെ പ്രധാന പ്രശ്നം. ആദിവാസികളുടെ വരുമാന മാർഗങ്ങൾ കൈകാര്യം ചെയ്യുന്ന സൊസൈറ്റി വരുമാനങ്ങളിൽ നിന്ന് ഒന്നും നൽകുന്നില്ലെന്ന് പരാതിയുണ്ട്.
മിക്ക കുടുംബങ്ങൾക്കും റബർ, തെങ്ങ് വിളകളടക്കം മുന്നേക്കറോളം ഭൂമി സ്വന്തമായി ഉണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ആദിവാസികളുടെ ഉപജീവനത്തിനത്തിനായി സർക്കാർ വെച്ചുപിടിപ്പിച്ച നൂറ് കണക്കിന് തെങ്ങുകളും റബർ എസ്റ്റേറ്റും കാര്യമായ വരുമാനം നൽകുന്നില്ല എന്നാണ് പരാതി.
നേരത്തെ ആദിവാസികൾ ആരെങ്കിലും മരിച്ചാൽ രണ്ടായിരം രൂപ സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇപ്പോൾ അതുമില്ല. പലരുടയും വീടുകൾ താമസിക്കാൻ പറ്റാത്ത വിധം തകർന്നിട്ടുണ്ട്. രോഗം വന്നാൽ വണ്ടിപിടിച്ച് ആശുപത്രിയിലേക്ക് പോകാനും പലർക്കും നിവൃത്തിയില്ല.
സ്ഥിരവരുമാനമുണ്ടായിരുന്ന പതിനഞ്ചേക്കർ റബർ മരങ്ങൾ വർഷങ്ങൾക്ക് മുമ്പ് സൊസൈറ്റി മുറിച്ചെടുത്തെങ്കിലും പിന്നീട് റീപ്ലാൻറ് ചെയ്തിട്ടില്ല. ആദിവാസികൾക്ക് കൃഷിചെയ്യാനായി അനുവദിച്ച സ്ഥലവും കാട് മൂടിക്കിടക്കുകയാണ്. എന്നാൽ സൊസൈറ്റിക്കു കീഴിലെ തെങ്ങുകളിൽ ചിലർ തേങ്ങ മോഷണം നടത്തുകയാണെന്നും റബറിൽ നിന്നും മറ്റും വരുമാനം നാമമാത്രമാണെന്നും സർക്കാറിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നും സൊസൈറ്റി സെക്രട്ടരി രാമ ചന്ദ്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.