കരുവാരകുണ്ട് /കാളികാവ്: കരുവാരകുണ്ട് കേരള എസ്റ്റേറ്റ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് തൊഴിലാളികൾ. ഒാടി രക്ഷപ്പെടുന്നതിനിടെ വീണ് ഇതര സംസ്ഥാന തൊഴിലാളിയുടെ കാലിന് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. എ ഡിവിഷൻ കുരിക്കൾകാട് എസ്റ്റേറ്റിൽ ജോലി ചെയ്യുകയായിരുന്ന ഝാർഖണ്ഡ് സ്വദേശിനി പുഷ്പലതക്കാണ് (21) പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന കരുവാരകുണ്ട് സ്വദേശി അരുൺ, പുഷ്പലതയുടെ ഭർത്താവ് പ്രകാശ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എസ്റ്റേറ്റ് അതിർത്തിയിൽ സോളാർ വേലിയിലെ കാട് വെട്ടുന്നതിനിടെ ഇവരുടെ മുന്നിലേക്ക് കടുവ ചാടുകയായിരുന്നു. ജീവനും കൊണ്ട് ഓടുന്നതിനിടെ പാറക്കെട്ടിൽ വീണാണ് പുഷ്പലതക്ക് പരിക്കേറ്റത്. ഇവരെ കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരുവാരകുണ്ട് കുണ്ടോട, ചേരി വനമേഖലയിൽ നവംബർ ആദ്യം മുതൽ കടുവ ഭീതി പടർത്തുകയാണ്. പത്തോളം ആടുകളെ കടിച്ച് കൊന്നിട്ടുണ്ട്. തുടർന്ന് വനംവകുപ്പ് കെണി വെച്ച് കാത്തിരിക്കുകയാണ്. ഇപ്പോൾ കടുവയെ കണ്ട പാന്ത്ര മേഖലയിൽ പട്ടികളെ വന്യജീവി പിടിച്ചതായും കാൽപ്പാടുകൾ കണ്ടതായും നാട്ടുകാർ പറയുന്നു. കേരള എസ്റ്റേറ്റിലും കടുവയെ കണ്ടതോടെ ജനം ഭീതിയിലാണ്. കടുവയെ കണ്ട ഭാഗത്ത് പന്നിയുടെ ജഡാവശിഷ്ടങ്ങളുമുണ്ട്. ഏതാണ്ട് പൂർണമായും തിന്നുതീർത്ത നിലയിലാണ്. രണ്ടു ദിവസം മുമ്പെങ്കിലും കടുവ വേട്ടയാടി പിടിച്ചതാവാം ഇതിനെ എന്നാണ് സൂചന.
ഡെപ്യൂട്ടി റേഞ്ചർ ടി.രാമദാസിെൻറ നേതൃത്വത്തിൽ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ച് ജീവി കടുവയാണെന്ന് സ്ഥിരീകരിച്ചു.
ബുധനാഴ്ച കൽക്കുണ്ട് ആനത്താനം എസ്റ്റേറ്റിലും വ്യാഴാഴ്ച സി.ടി എസ്റ്റേറ്റ് ഭാഗത്തും കാൽപാടുകൾ കണ്ടിരുന്നു. ആദ്യഘട്ടത്തിൽ കേരള എസ്റ്റേറ്റിൽ കാമറ സ്ഥാപിക്കാനും ആവശ്യമെങ്കിൽ കുണ്ടോടയിലുള്ള കൂടുകൾ ഈ ഭാഗത്ത് സ്ഥാപിക്കാനുമാണ് വനംവകുപ്പ് തീരുമാനം. കടുവയെ കണ്ട ഭാഗം ജനവാസമില്ലാത്തതാണെങ്കിലും എത്തിയ വഴി വീടുകൾ നിറഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.