കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവയുടെ സാന്നിധ്യം. കടുവയും കുട്ടികളും പലയിടത്തും പ്രത്യക്ഷപ്പെട്ടതോടെ തൊഴിലാളികളും നാട്ടുകാരും കടുത്ത ഭീതിയിലാണ്. നടപടി ആവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജ്മെന്റ് വനം വകുപ്പിന് പരാതി നൽകി. ഇത് രണ്ടാം തവണയാണ് കടുവ പുല്ലങ്കോട് എസ്റ്റേറ്റിൽ ഇറങ്ങുന്നത്. പുല്ലങ്കോട് എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാൻറിങ് ഭാഗത്താണ് കടുവയെ കണ്ടത്.
കാട്ടുപന്നി, കുറുക്കൻ, നായ തുടങ്ങിയവയെ വ്യാപകമായി വേട്ടയാടുന്നുണ്ട്. കഴിഞ്ഞ തവണയും ഇതേ സ്ഥലത്തിന് സമീപത്താണ് കടുവ ഒന്നിലധികം പന്നികളെ പിടികൂടിയത്. ഒരാഴ്ചയിലേറെ സ്ഥിരമായി കടുവ ഇറങ്ങിയിരുന്നു. വനം വകുപ്പ് കെണി സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. ഏതാനും ദിവസങ്ങളിൽ സ്ഥിരമായി വൈകുന്നേരം വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചു. പടക്കം പൊട്ടിച്ചത് കാരണമാണ് കടുവ കെണിയിൽ അകപ്പെടാതെ പോയതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഏതാനും മാസത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും കടുവയുടെ സാന്നിധ്യം. ചില തൊഴിലാളികൾ നേരിൽ കാണുകയും ചെയ്തു. പുല്ലങ്കോട് എസ്റ്റേറ്റിന്റെ അതിർത്തിയോട് ചേർന്ന ഉദരംപൊയിൽ മിനി സ്റ്റേഡിയത്തിന് സമീപത്ത് കുറുക്കൻമാരെയും, ചേനപ്പാടി മലവാരത്ത് എസ്റ്റേറ്റ് വാച്ചർ മുസ്തഫയുടെ നാല് നായ്ക്കളെയും കാണാതായിട്ടുണ്ട്. ഒരു ആടിന്റേതെന്ന് തോന്നിക്കുന്ന തലയും എസ്റ്റേറ്റിൽ നിന്ന് ലഭിച്ചു. തോട്ടം മേഖലയിലെ വന്യജീവി സാന്നിധ്യം മലയോര കർഷകരെ ബാധിച്ചു. റബർ വിലതകർച്ചക്കൊപ്പം കടുവ ഭീതിയിൽ ടാപ്പിങ് മുടങ്ങുക കൂടി ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.