കരുളായി: പൊതുജനങ്ങൾക്ക് കരുളായി ബസ് സ്റ്റാൻഡ് തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം തുടങ്ങി. സാമൂഹ്യ പ്രവർത്തകൻ കരുളായി കുളവട്ടം കോഴിക്കോടന്‍ മുജീബാണ് അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്. 2005-10ലെ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയാണ് കരുളായി അങ്ങാടിയിൽ ബസ് സ്റ്റാൻഡ് ആരംഭിച്ചത്.
2010 ആഗസ്റ്റ് 11ന് അന്നത്തെ ജില്ല പൊലീസ് മേധാവി സേതുരാമൻ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു. ഏതാനും മാസം പഞ്ചായത്ത് അധികൃതരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് പോയെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ സ്റ്റാൻഡിെൻറ ഉത്തരവാദിത്തത്തില്‍നിന്ന് പഞ്ചായത്ത് പിന്മാറുകയായിരുന്നു.
കാലക്രമേണ ബസുകൾക്ക് സ്റ്റാൻഡില്‍ കയറാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ പ്രശ്നം പരിഹരിച്ച് ബസ് സ്റ്റാൻഡ് പഴത് പോലെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാക്കണമെന്നാശ്യപ്പെട്ടാണ് മുജീബ് സമരം നടത്തുന്നത്. ബസുകള്‍ സ്റ്റാൻഡില്‍ കയറാത്തതിനാല്‍ ഇവിടെ കച്ചവടം ചെയ്യുന്ന വ്യാപാരികളും കഷ്ടത്തിലാണ്.
മലയോര ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ആശ്രയിക്കുന്ന പാത കൂടിയായി മാറുന്നതിനാല്‍ ബസ് സ്റ്റാൻഡ് അനിവാര്യമാണെന്നും മുജീബ് പറഞ്ഞു. 2010ൽ സ്വകാര്യവ്യക്തിയുമായി ഉണ്ടാക്കിയ 40 വർഷത്തെ പാട്ടക്കരാർ വ്യവസ്ഥയിലാണ് അന്നത്തെ ഭരണസമിതി ബസ് സ്റ്റാൻഡ് ആരംഭിച്ചതെന്നും, എന്നാൽ കരാർ ചട്ടം ലംഘിച്ച് സ്വകാര്യ വ്യക്തി സ്ഥലം കൈമാറിയതാണ് സ്റ്റാൻഡ് അപ്രസക്തമാവാൻ ഇടയാക്കിയിരിക്കുന്നതെന്നുമാണ് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറയുന്നത്. എന്നാൽ, ഗ്രാമപഞ്ചായത്തിെൻറ ഉടമസ്ഥതയിലോ ആസ്തിയിലോ സ്റ്റാൻഡ് ഉള്ളതായി രേഖകളൊന്നുമില്ലെന്ന് സെക്രട്ടറി പി.ബി. ഷാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.