കരുവാരകുണ്ട്: ചിരിയും ചിന്തയും കൊണ്ട് മലയോര ജനതയെ നാടകാവേശത്തിന്റെ തിരശ്ശീലക്ക് മുന്നിലെത്തിച്ച ‘പഹയൻമാരുടെ ദുനിയാവി’ ന് അമ്പതാണ്ട്. നാടിനെ നാടകശീലം പഠിപ്പിച്ച ജി. ചന്ദ്രശേഖരപിള്ള എന്ന ജി.സി കാരക്കലിന്റെ ആദ്യ സാമൂഹിക, സംഗീത, ഹാസ്യ നാടകമാണ് രചനയുടെ സുവർണ ജൂബിലി നിറവിലുള്ളത്. 1972ലാണ് ജി.സി കാരക്കൽ അധ്യാപകനായി കരുവാരകുണ്ടിലെത്തുന്നത്. ഏകാങ്കങ്ങളും കുട്ടികൾക്കായി ചെറിയ നാടകങ്ങളുമെഴുതി കലാരംഗത്ത് സജീവമായിരുന്ന ജി.സിയോട് കേരള എസ്റ്റേറ്റ് മാനേജരായിരുന്ന അച്ചൻകുഞ്ഞ് വലിയൊരു നാടകമെഴുതാൻ ആവശ്യപ്പെട്ടു.
നാടകം ഇഷ്ടപ്പെട്ടാൽ സ്കൂളിന് ആവശ്യമായ സ്ഥലം നൽകാം എന്ന വാഗ്ദാനവും അദ്ദേഹം നൽകി. കുടിയേറ്റ തോട്ടം തൊഴിലാളികളുടെ ദാരിദ്ര്യവും പട്ടിണിയും ജന്മിമാരുടെ അഹങ്കാരവും ആഡംബരവും നിറഞ്ഞ ജീവിതവും കൺമുന്നിൽ കണ്ട ജി.സി നാടകത്തിന്റെ ഇതിവൃത്തമായി സ്വീകരിച്ചത് ഈ സാമൂഹിക ജീർണത തന്നെയായിരുന്നു.ജന്മിയായ നമ്പൂതിരിയുടെ പാട്ടഭൂമിയിൽ ചായക്കട നടത്തുന്ന ദരിദ്ര മുസ്ലിം കുടുംബത്തിന്റെ ഹൃദയസ്പർശിയായ കഥ ജി.സിയുടെ കരവിരുതിൽ ഒരുങ്ങി. 1974ൽ നാടകത്തിന് ആദ്യ തിരശ്ശീലയുയർന്നു. ചായക്കടക്കാരന്റെ സുന്ദരിയായ മകളും വികൃതി മകനും മകളെ പ്രണയിച്ച സാമൂഹിക സ്നേഹിയായ യുവാവും പരിഷ്കാരിയായ ഗൾഫുകാരനും ബ്രോക്കറും മന്ത്രവാദിയും പൊലീസുകാരനുമൊക്കെ കഥാപാത്രങ്ങളായി.
നർമത്തിന്റെ മേമ്പൊടിയിൽ സാമൂഹിക യാഥാർഥ്യങ്ങൾക്ക് നേരെ ശക്തമായി വിരൽചൂണ്ടിയ ‘പഹയൻമാരുടെ ദുനിയാവ്’ മലയോര ജനതക്ക് ആദ്യ നാടകാനുഭവമായിരുന്നു. എന്നിട്ടും അവരതിനെ ഹൃദയംകൊണ്ടേറ്റുവാങ്ങി. ജില്ലക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ദുനിയാവ് അരങ്ങിലെത്തി. പേരിനെ ചൊല്ലി ചിലയിടങ്ങളിൽ അപസ്വരങ്ങളുണ്ടായി. പക്ഷേ, നാടകം കണ്ടതോടെ അത് നീങ്ങി. കഥാപാത്രങ്ങൾ പിന്നീട് മാറിവന്നു.
കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷ ഭാഗമായി വർഷങ്ങൾക്ക് മുമ്പ്, പുതിയ ചില അഭിനേതാക്കളെ വെച്ച് നാടകം വീണ്ടും അരങ്ങിലെത്തിയിരുന്നു. തിരക്കഥാകൃത്ത് കൂടിയായ ജി.സിയെക്കൊണ്ട് തന്നെ നാടകം സിനിമയാക്കാനുള്ള ആലോചനയുമുണ്ട്. ആദ്യകാല അരങ്ങനുഭവങ്ങൾ അയവിറക്കാനും നാടകകൃത്തിനെ ആദരിക്കാനുമായി അഭിനേതാക്കളുടെ കൂടിച്ചേരൽ ഞായറാഴ്ച ജി.സിയുടെ വീട്ടിൽ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.