കരുവാരകുണ്ട്: പ്രളയാവശിഷ്ടം നീക്കി ഒലിപ്പുഴയെ സംരക്ഷിക്കാനുള്ള ദുരന്ത നിവാരണ സമിതിയുടെ പദ്ധതി തുടങ്ങിയിടത്തു തന്നെ. ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തമായ തീരുമാനമെടുക്കാത്തതാണ് പ്രവൃത്തിക്ക് തടസ്സമെന്നാണ് പരാതി.
2018, 19 വർഷങ്ങളിലെ പ്രളയങ്ങളിൽ ഒലിപ്പുഴയിലും അങ്ങാടിച്ചിറയിലും ടൺ കണക്കിന് മാലിന്യമാണ് അടിഞ്ഞത്. ഇവ നീക്കി പുഴയിലെ ജലനിരപ്പ് നിലനിർത്താനായി ജില്ല ദുരന്ത നിവാരണ സമിതി 2020 മേയിൽ 1.25 കോടി രൂപ അനുവദിച്ചിരുന്നു. കാലവർഷം തുടങ്ങും മുമ്പ് തന്നെ പദ്ധതി നടപ്പാക്കാൻ നിർദേശവും നൽകി.
ഇതിനായി ടെൻഡർ ഒഴിവാക്കി ക്വട്ടേഷനാക്കി. എന്നാൽ, സെപ്റ്റംബർ അവസാനത്തിലാണ് ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കിയത്. കാലവർഷം തുടങ്ങിയതിനാൽ പ്രവൃത്തി നടന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ പിന്നെയും നീണ്ടു.
ഇതിനിടെ പുതിയ ഭരണസമിതി വന്നു. പ്രവൃത്തി തുടങ്ങാനുള്ള അനുമതിയും മാലിന്യം ഒഴിവാക്കാനുള്ള ഇടവും തേടി കരാറുകാരൻ രണ്ട് തവണ കത്ത് നൽകിയെങ്കിലും ഭരണസമിതി ഒന്നും ചെയ്തില്ലെന്നാണ് പരാതി. നിയമസഭ തെരഞ്ഞെടുപ്പ് ചട്ടവും വിനയായി.
ഗ്രാമപഞ്ചായത്ത് നിസ്സംഗത തുടരുന്ന പക്ഷം കരാർ റദ്ദാക്കാനുള്ള നീക്കത്തിലാണ് കരാറുകാരൻ. നിരതദ്രവ്യമായ അരലക്ഷം രൂപ തിരികെ ലഭിച്ചാൽ കരാറൊഴിയുമെന്ന് കരാറെടുത്ത തൃക്കാക്കര വി.കെ ഗ്രൂപ് പ്രതിനിധി പറഞ്ഞു.
കരുവാരകുണ്ട്: പുഴയിൽ നിന്ന് വാരുന്ന ലോഡ് കണക്കിന് മാലിന്യം തള്ളാൻ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതാണ് പ്രവൃത്തിക്ക് തടസ്സമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ.
പല സ്ഥലവും പരിശോധിച്ചു. പുറമ്പോക്കും നോക്കി. അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ആവശ്യമെങ്കിൽ കലക്ടറെ കാണുമെന്നും പ്രസിഡൻറ് പറഞ്ഞു. കരാറുകാരൻ നൽകി എന്ന് പറയുന്ന കത്തുകൾ കണ്ടിട്ടില്ലെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.