കരുവാരകുണ്ട്: കൂമ്പൻ മലയുടെ സമീപത്തെ എസ്റ്റേറ്റിലെ കൂറ്റൻ ജലസംഭരണി കുഴികൾ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജിയോളജിസ്റ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ നൽകിയ നോട്ടീസിലാണ് ഇക്കാര്യമുള്ളത്. കനത്ത മഴയിൽ വെള്ളം നിറയുന്ന കുഴികൾ, തകർന്ന് കുത്തൊഴുക്കിനും അതുവഴി ആൾനാശം വരെയുള്ള ദുരന്തത്തിനും കാരണമാകുമെന്നും അനധികൃതമായി എടുത്ത കുഴികൾ അഞ്ചു ദിവസത്തിനകം ശാസ്ത്രീയമായി മൂടണമെന്നും ജില്ല കലക്ടർ സ്ഥലം ഉടമക്ക് മുന്നറിയിപ്പ് നൽകി. ചേരി കണ്ണമ്പള്ളി എസ്റ്റേറ്റിലാണ് വാഴ കൃഷി നനക്കാൻ ഭീമൻ ജലസംഭരണികൾ എടുത്തിരിക്കുന്നത്.
പരിസ്ഥിതി ലോല മേഖലയിലാണ് 22 മീറ്റർ നീളവും 12 മീറ്റർ വീതിയും ആറു മീറ്റർ താഴ്ചയുമുള്ള ഒരു കുഴിയും ഇതിന് സമാനമായ മറ്റൊരു കുഴിയും നിരവധി ചെറു കുഴികളും അനുമതിയില്ലാതെ നിർമിച്ചിരിക്കുന്നത്. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇതിനെതിരെ എതിർപ്പുണ്ടായി. ഇതോടെ ജിയോളജി വകുപ്പ് പരിശോധനക്കെത്തി. ഇതിന്റെ മണ്ണിൽ ചളിയുടെ അംശം കൂടുതലായതിനാൽ മഴവെള്ളത്തിൽ മണ്ണ് ഒലിച്ച് താഴ് വാരത്തേക്കിറങ്ങും. കൂട്ടിയിട്ട മണ്ണിൽ വിള്ളലുമുണ്ട്. മാത്രമല്ല കുഴികളെടുക്കുന്നതിന്റെ ഭാഗമായി കല്ലുകൾ പൊട്ടിച്ചിട്ടുണ്ട്. ഇതെല്ലാം അപകട ഭീഷണി ഉയർത്തുന്നതായും റിപ്പോർട്ട് പറയുന്നു.
ദുരന്ത സാധ്യത ഒഴിവാക്കാൻ ഖനനം ചെയ്തെടുത്ത മണ്ണ് കുന്നിന്റെ ചെരിവിന് ആനുപാതികമായി കുഴികളിൽ തന്നെ നിക്ഷേപിക്കുകയും ഇതിന് മുകളിൽ ആദ്യഘട്ടത്തിൽ പോളിത്തീൻ ഷീറ്റ് വിരിക്കുകയും പിന്നീട് കുറ്റിച്ചെടികൾ വെച്ചുപിടിപ്പിക്കുകയും വേണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനകം ഇത് നടപ്പാക്കണം. ഭാവിയിൽ ജിയോളജി വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവ അറിയാതെ ഒരു നിർമാണവും ഈ മേഖലയിൽ പാടില്ലെന്നും ജില്ല കലക്ടർ നോട്ടീസ് വഴി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.