കരുവാരകുണ്ട്: ഗുണനിലവാരമില്ലാത്ത 2500ലേറെ എൽ.ഇ.ഡി ബൾബുകൾ വിതരണംചെയ്ത് നിരവധി കുടുംബങ്ങളെ കബളിപ്പിച്ച കുടുംബശ്രീക്കെതിരെ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് കരുവാരകുണ്ട് പഞ്ചായത്ത് ഭരണസമിതി. സംസ്ഥാന, ജില്ല വിജിലൻസ് വിഭാഗങ്ങൾക്ക് പരാതി നൽകാൻ വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് ബോർഡ് യോഗം തീരുമാനിച്ചു.
2023 ഏപ്രിലിലാണ് സ്വകാര്യ കമ്പനിയുമായുണ്ടാക്കിയ കരാറനുസരിച്ച്, വൈദ്യുതിയില്ലെങ്കിലും കത്തുന്ന ഇൻവെർട്ടർ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തത്. ഒരു വർഷം വാറന്റിയുള്ള ബൾബ് ഒന്നിന് 200 രൂപ ഈടാക്കി. എ.ഡി.എസ് ഭാരവാഹികൾ വഴി 1400ഓളം കുടുംബങ്ങൾ ഇത് വാങ്ങി. 2500ഓളം ബൾബുകൾ വിതരണം ചെയ്തതായാണ് വിവരം. മതിയായ ആലോചനയില്ലാതെ നടപ്പാക്കിയ പദ്ധതി ഗ്രാമപഞ്ചായത്തോ കുടുംബശ്രീ ജില്ല മിഷനോ അറിഞ്ഞിരുന്നില്ല.
ആഴ്ചകൾ പിന്നിടും മുമ്പുതന്നെ പല ബൾബുകളും കത്താതായി. നാലു മാസം കഴിഞ്ഞതോടെ 60 ശതമാനം ബൾബുകളും കേടായി. ഇതോടെ കുടുംബങ്ങൾ പരാതിയുമായി എ.ഡി.എസ് സെക്രട്ടറിമാരുടെ വീടുകളിലെത്തി. വിതരണക്കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം കുടുംബശ്രീ അറിയുന്നത്. കേടായ ബൾബുകൾ കുടുംബങ്ങൾ കൂട്ടമായി തിരിച്ചേൽപിച്ചതോടെ ഇവ കുടുംബശ്രീ ഓഫിസിൽ കുന്നുകൂടി. 2023 ഒക്ടോബർ ആറിന് ‘മാധ്യമ’മാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. വിവാദമായപ്പോൾ കുടുംബശ്രീ അധ്യക്ഷ, കമ്പനിക്കെതിരെ പൊലീസിൽ പരാതി നൽകി. എന്നാൽ, കരാർപത്രമോ വാറന്റി കാർഡുകളോ ഇല്ലാത്തതിനാൽ പൊലീസിന് കേസെടുക്കാൻ കഴിഞ്ഞില്ല. മാസങ്ങൾക്കുശേഷമാണ് വിജിലൻസ് അന്വേഷണ ആവശ്യവുമായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി രംഗത്തെത്തിയത്. കുടുംബശ്രീ യു.ഡി.എഫ് നിയന്ത്രണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.