കരുവാരകുണ്ട്: 16കാരിയെ പ്രണയിച്ച് ഡൽഹിയിലേക്ക് കടത്താൻ ശ്രമിച്ച യു.പി സ്വദേശിയെ പൊലീസ് ട്രെയിനിൽനിന്ന് പിടികൂടി. ഉത്തര്‍പ്രദേശിലെ നോയിഡ ചൗദര്പുരിലെ മുഹമ്മദ് നവേദിനെയാണ് (18) കാസർകോട് പൊലീസിന്റെ സഹായത്തോടെ കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്.
കരുവാരകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി ഇൻസ്റ്റഗ്രാം വഴിയാണ് നവേദ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ടാഴ്ച മുമ്പ് ഇവിടെയെത്തിയ പ്രതി പെൺകുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ എതിർത്തതോടെ മുടങ്ങി. ഇക്കഴിഞ്ഞ രണ്ടിന് ക്ലാസിനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടിയെ നവേദ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കോഴിക്കോട്ടെത്തിയ ഇരുവരും അവിടെനിന്ന് ഡൽഹിയിലേക്ക് ട്രെയിൻ കയറി. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോൺ നമ്പർ പിന്തുടർന്നപ്പോഴാണ് ഇവർ ഡല്‍ഹിയിലേക്ക് തിരിച്ച വിവരം പൊലീസിന് ലഭിച്ചത്. റെയിൽവേ പൊലീസിന്റെ സഹായത്തോടെ കാസർകോട് വെച്ച് ഇരുവരെയും പിടികൂടുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാസര്‍കോട്ടെത്തിയാണ് കരുവാരകുണ്ട് പൊലീസ് ഇവരെ നാട്ടിലെത്തിച്ചത്. ചോദ്യംചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തി വിവരം പുറത്തായത്. പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ട പൊലീസ് നവേദിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മഞ്ചേരി കോടതി പ്രതിയെ ഫെബ്രുവരി 17 വരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.