കൊണ്ടോട്ടി: മുസ്ലിയാരങ്ങാടിക്കടുത്ത് കുട്ടികളുമായി പോവുകയായിരുന്ന സ്കൂള്‍ വാന്‍ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. വാനിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളും ഡ്രൈവറും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡ് ഇടിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തമാണ് വഴിമാറിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ മുസ്ലിയാരങ്ങാടി-ഒഴുകൂര്‍ റോഡില്‍ കുമ്പളപ്പറമ്പിലാണ് അപകടം. മുസ്ലിയാരങ്ങാടി ഭാഗത്തേക്ക് വിദ്യാര്‍ഥികളുമായി പോയ വാഹനം എതിരെ വന്ന സ്കൂള്‍ ബസിന് വഴി നല്‍കുന്നതിനിടെ റോഡിന്റെ വശമിടിഞ്ഞ് പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളേയും ഡ്രൈവറേയും പുറത്തെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന ഡ്രൈവര്‍ നെടിയിരുപ്പ് സ്വദേശി ഷെവിന്‍ (23), വിദ്യാര്‍ഥി മുസ്ലിയാരങ്ങാടി സ്വദേശി ഷിബിന്‍ റോഷന് (ഏഴ്) എന്നിവര്‍ക്ക് തലക്ക് മുറിവേറ്റു. കൂടുതല്‍ പരിശോധനകള്‍ക്കായി മുസ്ലിയാരങ്ങാടി സ്വദേശികളായ ഷാദിന് (ആറ്) എന്ന വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ഹിബ ഫാത്തിമയെ (അഞ്ച്) പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.
ഷിബിന്‍ റോഷന് കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ഡ്രൈവര്‍ ഷെവിനും വാഹനത്തിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളായ നെടിയിരുപ്പ് സ്വദേശി ഫാത്തിമ സജ (ആറ്), കോളനി റോഡ് സ്വദേശികളായ ആഷിര്‍ (അഞ്ച്), അദ്നാന് (എട്ട്), കുമ്പളപ്പറമ്പ് സ്വദേശികളായ ഷഹ്മ (ആറ്), സന്‍ഹ ഫാത്തിമ (ഒമ്പത്), അലിഫ് ഷാന്‍ (അഞ്ച്), മുസ് ലിയാരങ്ങാടി സ്വദേശികളായ ലിയ ഫാത്തിമ (എട്ട്), ഷദ ഫാത്തിമ (ഏഴ്), ഒഴുകൂര്‍ സ്വദേശി ഫാത്തിമ ഫിദ (12) എന്നിവരും പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വീടുകളിലേക്ക് മടങ്ങി.
കൊണ്ടോട്ടി പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
അശ്രദ്ധമായി വാഹനമോടിച്ചതിന് സ്കൂള്‍ വാന്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.