വനിതകൾക്ക് താമസ സൗകര്യം; കാത്തിരിപ്പ് നീളുന്നു

കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ വനിതകൾക്ക് സുരക്ഷിത താമസ സൗകര്യം ഒരുക്കാന്‍ നഗരസഭ വിഭാവനം ചെയ്ത പദ്ധതി വാക്കിലൊതുങ്ങുന്നു.

മൂന്നുവര്‍ഷം മുമ്പ് 25 ലക്ഷം രൂപ ചെലവില്‍ നഗരസഭ ഒരുക്കിയ കെട്ടിടം നോക്കുകുത്തിയായി നിൽക്കുകയാണ്. യാത്രികരായ വനിതകള്‍, നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ എന്നിവരില്‍ ആര്‍ക്കാണ് പദ്ധതി ഉപയോഗപ്പെടുത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് നിലവിലെ ഭരണസമിതി.

ജനകീയ ഭരണസമിതിക്കുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണ സമിതിയാണ് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കൊണ്ടോട്ടിയില്‍ വനിതകള്‍ക്കായുള്ള പ്രത്യേക താമസ സംവിധാനത്തിന് പദ്ധതിയൊരുക്കിയത്.

ഖാസിയാരകം പള്ളിക്കടുത്ത് നഗര മധ്യത്തില്‍ ഒരുക്കിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം നിലവിലെ ഭരണസമിതി അനുബന്ധ സൗകര്യങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം രൂപ കൂടി വകയിരുത്തി. എന്നാല്‍, തുടര്‍പ്രവൃത്തികള്‍ നീളുകയാണ്.

ഇരു ഭരണസമിതികളും അനുവദിച്ച 35 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച കെട്ടിടത്തില്‍ മൂന്ന് താമസ മുറികളും ശുചിമുറികളും ഭക്ഷണ ഹാളുമാണുള്ളത്. അറ്റകുറ്റപ്പണികളും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ കെട്ടിടം ഉപയോഗപ്രദമാകും. പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മുന്‍ ഭരണസമിതി ഒരുക്കിയ ഹോസ്റ്റല്‍ ഏതുരീതിയില്‍ പ്രയോജനപ്പെടുത്തണമെന്നതില്‍ നിലവിലെ ഭരണസമിതി തീരുമാനമെടുത്തിട്ടില്ല.

യാത്രക്കാര്‍ക്കുവേണ്ടി താമസ സൗകര്യം ഒരുക്കുന്നതിലുപരി നഗരസഭ പരിധിയിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന വനിതകള്‍ക്കായി പദ്ധതി ഉപയോഗപ്രദമാക്കണമെന്ന ആവശ്യമാണ് നിലവില്‍ ശക്തമായി ഉയരുന്നത്.

ഇരു പദ്ധതികളും ആവശ്യമാണെന്നിരിക്കെ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയമാകും.

Tags:    
News Summary - Accommodation for women; The wait is long

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.