കൊണ്ടോട്ടി: യു.ഡി.എഫിന്റെ ഉറച്ച പച്ചത്തുരുത്തായ കൊണ്ടോട്ടി നിയോജക മണ്ഡലത്തില്‍ ഘടകകക്ഷികള്‍ക്കിടയില്‍ രൂക്ഷമായ പ്രാദേശിക ഭിന്നതകള്‍ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും ഒരുപോലെ വലക്കുന്നു. കൊണ്ടോട്ടി നഗരസഭയിലും ചെറുകാവ് ഗ്രാമപഞ്ചായത്തിലും മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിൽ ബന്ധം തകര്‍ന്നു കിടക്കുകയാണ്.
വാഴയൂര്‍, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സി.പി.എമ്മും സി.പി.ഐയും മുന്നണി സമവാക്യത്തിനു വിരുദ്ധമായി വേറിട്ടാണ് നില്‍ക്കുന്നത്.
പ്രാദേശിക രാഷ്ട്രീയ ചേരിതിരിവ് പരിഹരിക്കാതിരിക്കപ്പെടാതിരിക്കുമ്പോള് അനൈക്യത്തിനിടയിലും ഐക്യ ചിത്രമുണ്ടാക്കിയാണ് ഇരു മുന്നണികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൊണ്ടോട്ടി നഗരസഭയും വാഴയൂര്‍, വാഴക്കാട്, ചെറുകാവ്, പുളിക്കല്‍, ചീക്കോട്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊണ്ടോട്ടി മണ്ഡലം. ഇതില്‍ പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലൊഴികെ മറ്റെല്ലായിടത്തും യു.ഡി.എഫിനാണ് ഭരണം. കൊണ്ടോട്ടി നഗരസഭയില്‍ അധ്യക്ഷ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് പ്രതിനിധികളായ നഗരസഭ ഉപാധ്യക്ഷന്റെയും സ്ഥിരം സമിതി അധ്യക്ഷയുടെയും രാജിയില്‍ കലാശിച്ചിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ മുന്നണി ജില്ല നേതൃത്വം നടത്തിയ ചര്‍ച്ചകളൊന്നും ഫലം കണ്ടിട്ടില്ല. ചെറുകാവ് പഞ്ചായത്തില്‍ ലീഗിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകരും ഭാരവാഹികളും തമ്മിൽ തര്‍ക്കം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ല.
വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നണി സംവിധാനം പേരിനുപോലുമില്ല. സി.പി.ഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ യു.ഡി.എഫിനാണ് ഭരണം. സി.പി.എമ്മിന് എട്ട് അംഗങ്ങളും കോണ്‍ഗ്രസിന് മൂന്നും ലീഗിന് മൂന്നും അംഗങ്ങളുള്ള പഞ്ചായത്തില്‍ സി.പി.ഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ കൂടിയായപ്പോള്‍ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. യു.ഡി.എഫ് ഭരിക്കുന്ന മുതുവല്ലൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സി.പി.ഐ ഇല്ല. ഒറ്റക്ക് കമ്മിറ്റിയുണ്ടാക്കിയാണ് സി.പി.ഐ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രാദേശിക രാഷ്ട്രീയ ഭിന്നതകള്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് ഇരുമുന്നണി നേതൃത്വങ്ങളും പറയുന്നത്.
മുഴുവന്‍ ഘടക കക്ഷികളുടെയും ജില്ല നേതാക്കളെ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നത്. മലപ്പുറം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കൊണ്ടോട്ടി മണ്ഡലം 1957 മുതല്‍ മുസ്ലിംലീഗിന്റെ തട്ടകമാണ്. മണ്ഡലത്തില്‍ ആദ്യമായി മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീറിന് ഇത്തവണ വന്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് മുന്നണി നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ യുവത്വത്തിന്റെ പ്രതീകമായി രംഗത്തിറക്കിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിലൂടെ യു.ഡി.എഫിന്റെ മൃഗീയ ഭൂരിപക്ഷം ഗണ്യമായി കുറക്കാനാകുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
ഇരു മുന്നണികളിലെയും ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൊടികുത്തി വാഴുമ്പോള്‍ ഡോ. എം. അബ്ദുല്‍ സലാം മോദി സര്‍ക്കാറിന്റെ ഭരണ മികവില്‍ മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വോട്ടുകള്‍ വന്‍തോതില്‍ ഉയര്‍ത്തുമെന്നാണ് ബി.ജെ.പി വാദം. വാഴയൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തുകളില്‍ ഓരോ അംഗങ്ങള്‍ വീതമുള്ളത് ബി.ജെ.പിക്ക് പ്രതീക്ഷ പകരുന്നു.
പ്രമുഖ നേതാക്കള്‍ വിജയക്കൊടി പാറിച്ച മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ തോളിലേറിയല്ലാതെ യു.ഡി.എഫ് വിജയം കണ്ടിട്ടില്ല. 1957ല്‍ എം.പി.എം. അഹമ്മദ് കുരിക്കളാണ് മണ്ഡലത്തിന്റെ ആദ്യ ജനപ്രതിനിധി. 1977, 1980, 1982, 1987 തെരഞ്ഞെടുപ്പുകളിലൂടെ നാലു തവണ പി. സീതിഹാജി കൊണ്ടോട്ടിയില്‍നിന്ന് നിയമസഭയിലെത്തി. 2006ലും 2011ലും കെ. മുഹമ്മദുണ്ണി ഹാജി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2016ലും 2021ലും തെരഞ്ഞെടുക്കപ്പെട്ട ടി.വി. ഇബ്രാഹിമാണ് നിലവിലെ എം.എല്‍.എ. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തോല്വികളിലൊന്നായ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ മഞ്ചേരി മണ്ഡലത്തില്‍ സി.പി.എമ്മിലെ ടി.കെ. ഹംസ വിജയിച്ചപ്പോഴും കൊണ്ടോട്ടിക്കാര്‍ യു.ഡി.എഫിനെ കൈവിട്ടില്ല. 2000ലേറെ വോട്ടിന്റെ ലീഡാണ് മണ്ഡലത്തില്‍നിന്ന് യു.ഡി.എഫിന് ലഭിച്ചത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.വി. ഇബ്രാഹിം 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം സിറ്റിങ് എം.പി ഇ. അഹമ്മദിന്റെ മരണശേഷം നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ 25,904 വോട്ടിന്റെ ഭൂരിപക്ഷം കൊണ്ടോട്ടിയില്‍നിന്ന് മാത്രം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 39, 313 വോട്ടിന്റെ ലീഡാണ് മണ്ഡലം നല്‍കിയത്. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കു ശേഷം 2021ല്‍ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഡോ. എം.പി. അബ്ദുസമദ് സമദാനിയുടെ കൊണ്ടോട്ടിയിലെ ഭൂരിപക്ഷം 21,433 ആയി കുറഞ്ഞു. അതേവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ ടി. ഇബ്രാഹിം 2016ലെ 10,654ല്‍ നിന്ന് 17,666 ലേക്ക് ഭൂരിപക്ഷമുയര്‍ത്തി. വികസനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഭരണവും നയ സമീപനങ്ങളുമൊക്കെയാണ് ഇത്തവണയും കൊണ്ടോട്ടിയുടെ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രധാന ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.