കൊണ്ടോട്ടി: കിഫ്ബി ഫണ്ടുപയോഗിച്ച് കൊണ്ടോട്ടി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം നിര്‍മിക്കാനുള്ള പദ്ധതിയില്‍ കരാര്‍ ഉറപ്പിക്കല്‍ അവസാനഘട്ടത്തില്‍. കിഫ്ബി ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ അനുവദിച്ച 44 കോടി രൂപയില്‍ 36.19 കോടി രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ഇതിന് നാല് കമ്പനികള്‍ നല്കിയ ടെൻഡറുകളാണ് പരിഗണനയിലുള്ളത്. ഇതില്‍ കിഫ്ബിയുടെ സാങ്കേതികാനുമതി ബോര്‍ഡ് നിര്‍മിതി മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായ കമ്പനിയെ തെരഞ്ഞെടുക്കുന്നതോടെ കരാര്‍ ഉറപ്പിക്കാനാകും.
കെട്ടിട നിർമാണത്തിന് 36.19 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതില്‍ ആദ്യഘട്ടത്തില്‍ 29.56 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതിയായിട്ടുള്ളത്. കരാര്‍ ഉറപ്പിക്കുന്നതോടെ നിലവില്‍ ആതുരാലയത്തിലുള്ള ഉപയോഗ ശൂന്യമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പ്രവൃത്തികള്‍ ആരംഭിക്കും.
പ്രവര്‍ത്തനാനുമതി ലഭിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങിയാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. ആദ്യഘട്ടം പൂര്‍ത്തിയാകുന്ന മുറക്ക് നിർമാണ പ്രവൃത്തികള്‍ക്കുള്ള രണ്ടാംഘട്ട തുകയും ലഭിക്കും. കിഫ്ബി അനുവദിച്ച 44 കോടി രൂപയില്‍ നിര്‍മാണത്തിനുള്ള 36.19 കോടി കഴിഞ്ഞുള്ള തുക ആശുപത്രിയിലേക്ക് അവശ്യം വേണ്ട ഉപകരണങ്ങള്‍ വാങ്ങാനാണ് വിനിയോഗിക്കുക.
കെട്ടിട സൗകര്യങ്ങള്‍ക്കൊപ്പം സ്പെഷ്യാലിറ്റി വിഭാഗങ്ങളുടേയും ജീവനക്കാരുടെ കുറവും പരിഹരിച്ചാല്‍ മാത്രമെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രികൂടിയായ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകൂ. നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നനുവദിച്ച 1.13 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റേയും ലിഫ്റ്റ്, റാംപ്, പുതിയ ഹാളുകള്‍ എന്നിവയുടെയും പ്രവൃത്തികള്‍ നടക്കുന്നത്.
ആതുരാലയത്തില്‍ പുതുതായി അനുവദിച്ച ദന്ത രോഗ വിഭാഗത്തില്‍ ഡോക്ടറടക്കം മൂന്ന് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ പശ്ചാത്തല സൗകര്യവും ഉപകരണങ്ങളും ഒരുക്കുന്നതിന് 60 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.