കൊണ്ടോട്ടി: ദേശീയപാത ഉള്‍പ്പെടെ പ്രധാന റോഡുകളുടെ തകര്‍ച്ചയും കുരുക്കും രൂക്ഷമായ കൊണ്ടോട്ടി നഗരത്തില്‍ ഗതാഗത പരിഷ്കരണത്തിന് അരങ്ങൊരുങ്ങുന്നു. ഏറെക്കാലമായി പ്രഖ്യാപിച്ച പദ്ധതി നവംബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് അഡ്വൈസറി യോഗത്തിൽ ധാരണയായി.
ഈ മാസം 25ന് ചേരുന്ന നഗരസഭ കൗണ്‍സിലിലാണ് അന്തിമ അനുമതി നല്‍കുക. ഗതാഗതക്കുരുക്ക് അഴിക്കാന്‍ വണ്‍വേ സംവിധാനത്തിനാണ് ഊന്നല്‍ നല്‍കുന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ പതിനേഴാം മൈലില്‍നിന്ന് പഴയങ്ങാടി റോഡ് വഴി തിരിച്ചുവിടും.
മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മാത്രമാണ് ബൈപാസ് വഴി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഓടുക. ചെറിയ ബസുകളുടെ സർവിസ് നിലവിലെ രീതിയില്‍ നിലനിർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് ഗതാഗത പരിഷ്കാരം നടപ്പാക്കുക. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഓട്ടോറിക്ഷ പാര്‍ക്കിങ്, സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് നിർദേശം നല്‍കിയതായി ടി.വി. ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. അനധികൃത പാര്‍ക്കിങ് തടയാന്‍ നഗരസഭയുമായി ചേര്‍ന്നാണ് നടപടി സ്വീകരിക്കുന്നത്. ഇതിനൊപ്പം നഗരത്തിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ലാത്ത ഭാഗങ്ങളും പാര്‍ക്കിങ് ഏരിയയും പ്രത്യേകം നിശ്ചയിക്കും. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും.
കൊണ്ടോട്ടി: ഗതാഗതപ്രശ്നത്തിന് പരിഹാരം കാണാന്‍ കൊണ്ടോട്ടിയില്‍ നടപ്പാക്കുന്ന പരിഷ്കരണ പദ്ധതിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊണ്ടോട്ടി നഗരസഭ സമിതി. വണ്‍വേയും ദേശീയപാതയില്‍ ഇടക്കിടെ ഉണ്ടാകുന്ന ഗര്‍ത്തങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള നടപടികളും സ്വാഗതാര്‍ഹമാണെന്ന് സമിതി വിലയിരുത്തി. പ്രസിഡന്റ് ടി. സൈതലവി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ താഹിറ ഹമീദ്, നൗഷാദ് ചുള്ളിയന്‍, യഹ്യ മുണ്ടപ്പലം, എ.പി. ഹമീദ്, സഹീര്‍ നീറാട്, ഇബ്രാഹീംകുട്ടി, സി. മുഹമ്മദലി, നൗഷാദ് മുസ്ലിയാരങ്ങാടി, മുഹമ്മദലി, മുംതാസ്, യൂസുഫ് കൊളത്തൂര്‍, നാജിയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.