കൊണ്ടോട്ടി: വിവര സാങ്കേതിക വിദ്യയിലെ ആധുനിക മാറ്റങ്ങള്‍ക്കൊപ്പം വനിതകളുടെ തൊഴില്‍ നൈപുണി വർധിപ്പിക്കാനുള്ള പ്രത്യേക പദ്ധതിയുമായി കൊണ്ടോട്ടി നഗരസഭ രംഗത്ത്. കുടുംബശ്രീയുമായി ചേര്‍ന്ന് 2,000 വനിതകള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത ഉറപ്പാക്കുന്ന പദ്ധതിക്ക് നഗരസഭയില്‍ തുടക്കമായി. അഭ്യസ്ഥവിദ്യരായ വീട്ടമ്മമാര്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി വരുമാനമാര്‍ഗം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
വാര്‍ഡ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത 150 വീതം വനിതകള്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലക്ഷ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ഒരുമാസം നീളുന്ന രീതിയിലാണ് തൊഴിലധിഷ്ഠിത ക്ലാസുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി തക്കിയാക്കല് റഹ്മാനിയ മദ്റസയില്‍ ഒരുമണിക്കൂര്‍ വീതമുള്ള ആറ് ബാച്ചുകള്‍ക്കാണ് പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നഗരസഭ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വകാര്യസ്ഥാപനങ്ങളിലടക്കം തൊഴില്‍ സാധ്യത ഉറപ്പാക്കുന്ന പദ്ധതിക്കാണ് കൊണ്ടോട്ടിയില്‍ കുടുംബശ്രീ നഗരസഭയുമായി ചേര്‍ന്ന് തുടക്കമിട്ടിരിക്കുന്നത്. ആധുനിക തലമുറയിലെ അഭ്യസ്തവിദ്യരായ വനിതകള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ഇതിനകം ആരംഭിച്ചു. 32ാം വാര്‍ഡില്‍ തുടങ്ങിയ പരിശീലനം വാര്‍ഡ് കൗണ്‍സിലര്‍ അഷ്റഫ് മടാന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.