കൊണ്ടോട്ടി: വായില്‍ കമ്പ് കുത്തി പരിക്കേറ്റ് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണം ഊർജിതമാക്കാനൊരുങ്ങി കൊണ്ടോട്ടി പൊലീസ്. ശനിയാഴ്ച വൈകുന്നേരം ആറോടെ അരിമ്പ്ര കൊടക്കാടന്‍ നിസാറിന്റേയും സൗദാബിയുടേയും ഏക മകന് മുഹമ്മദ് ഷാസില്‍ (നാല്) ആണ് മരിച്ചത്. മരണ കാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചക്ക് 12ന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടര്‍ എ. ദീപകുമാര്‍ അറിയിച്ചു. കളിക്കുന്നതിനിടെയാണ് ഷാസിലിന്റെ വായില്‍ കമ്പ് കുത്തിക്കയറി മുറിവേറ്റത്. കുട്ടിക്ക് അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. കുരുന്ന് ബാലന്റെ അകാല വിയോഗം നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നാടൊന്നാകെ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി. അവസാനമായി കാണാന്‍ കളിക്കൂട്ടുകാര്‍ വന്നതും നൊമ്പരക്കാഴ്ചയായി. ഉച്ചക്ക് രണ്ടിന് പഴങ്ങരത്തൊടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.