കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിന്റെ റണ്‍വേ സുരക്ഷമേഖല വിപുലീകരിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഇഴയുന്നു. ഈ മാസം 15നകം കേന്ദ്രസർക്കാറിന് ഭൂമി കൈമാറുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നിലനില്‍ക്കെ 30 ഭൂവുടമകൾ മാത്രമാണ് റവന്യൂ അധികൃതര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി 80 കൈവശ ഭൂമികളാണ് സുരക്ഷമേഖല ദീര്‍ഘിപ്പിക്കാൻ ഏറ്റെടുക്കേണ്ടത്. ഈ മാസം 15 നകം ഭൂമി കൈമാറുമെന്ന് കഴിഞ്ഞ ജൂലൈയിലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. ഈ സമയപരിധി അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ശേഷിെക്ക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
80 പേരില്‍നിന്ന് 14.5 ഏക്കര്‍ ഭൂമിയാണ് റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റെസ) വിപുലീകരണത്തിന് ഏറ്റെടുക്കുന്നത്. നിലവില്‍ നല്കുന്ന നഷ്ടപരിഹാരത്തുകയുടെ ഇരട്ടിയാണ് വിമാനത്താവള ഭൂമിയേറ്റെടുക്കലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് കണക്കാക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
വിമാനത്താവള ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ഓഫിസില്‍ കഴിഞ്ഞ അഞ്ചിനകം രേഖകള്‍ നല്‍കാനാണ് ഉദ്യോഗസ്ഥസംഘം ഭൂവുടമകളോട് ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ പേരുെടയും രേഖകള്‍ സാങ്കേതികമായി പൂര്‍ണമല്ലെന്ന കാരണത്താല്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് രേഖ സമര്‍പ്പണത്തിന് ഉടമകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണിപ്പോള്‍. നെടിയിരുപ്പ് വില്ലേജില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ റോഡ്, വഴി നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്തുണ്ട്.
പ്രശ്നങ്ങള്‍ പഠിക്കാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ സംഘം പരിശോധന നടത്തിയിരുന്നു. ക്രോസ് റോഡ് ഇല്ലാതാകുന്നതിന് പകരം പുതിയ റോഡ് നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം. എട്ട് മീറ്റര്‍ വീതിയില്‍ പുതിയ റോഡ് നിര്‍മിക്കണമെന്ന് സംഘം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.