കൊണ്ടോട്ടി: സംഘം ചേര്‍ന്നുള്ള ആക്രമണത്തിനിരയായ ഗൃഹനാഥന് പൊലീസ് നീതി നിഷേധിക്കുന്നെന്ന പരാതിയുമായി ആംബുലന്‍സിലെത്തി ജില്ല കലക്ടര്‍ക്ക് പരാതി നല്കി. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് സ്വദേശി കോട്ടക്കോട്ടുമ്മല് പള്ളിയാളി കെ.ടി. മൂസയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ മലപ്പുറത്തെത്തി ജില്ല കലക്ടര്‍ വി.ആര്. വിനോദിനെ കണ്ടത്.
കഴിഞ്ഞ ആറിന് കാടുവെട്ടിയിലെ സ്ഥലത്ത് കൃഷിപ്പണി ചെയ്യവെ സഹോദരന്മാരും മക്കളും പ്രദേശത്തെ ക്വാറി മാഫിയാംഗങ്ങളുമടക്കം എട്ടംഗ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന് മുന്നില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ മൂസയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവദിവസം പൂര്‍ണ ബോധത്തിലല്ലാതിരുന്ന മൂസയില്‍ നിന്ന് ഏതാനും വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയെത്തിയപ്പോള്‍ വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും കേസിലെ മറ്റുള്ളവരെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പൊലീസുമായി ബന്ധപ്പെട്ടെങ്കിലും നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ആംബുലന്‍സിനടുത്തെത്തി വിവരങ്ങള്‍ ആരാഞ്ഞ ജില്ല കലക്ടറോട് മൂസ വ്യക്തമാക്കി. കൈകാലുകള്‍ക്ക് പൊട്ടലുകളും വെട്ടേറ്റ മുറിവുകളുമുള്ള തനിക്ക് സ്റ്റേഷനിലെത്താന്‍ കഴിയില്ലെന്നറിയിച്ച ശേഷം പിന്നീടും ഭൂരേഖകളുമായി സ്റ്റേഷനിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടതായും മൂസ പറയുന്നു.
പ്രദേശത്തെ മണ്ണ് മാഫിയക്കെതിരെ നേരത്തെ നല്കിയ പരാതിയുടെ വൈരാഗ്യത്തിലാണ് കൊല്ലണമെന്ന ഉദ്ദേശത്തോടെ തനിക്കെതിരെ ആക്രമണമുണ്ടായതെന്നും ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളുമടങ്ങുന്ന കുടുംബം പേടിയോടെയാണ് കഴിയുന്നതെന്നും ഗൃഹനാഥന് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ മൂസ ഇപ്പോഴും ആരോഗ്യം വീണ്ടെടുത്തിട്ടില്ല. നിയമപരമായ എല്ലാ സഹായവും ഒരുക്കുമെന്ന് ജില്ല കലക്ടര്‍ ഉറപ്പ് നല്കി. ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, സംസ്ഥാന മനുഷ്യാവകാശ കമീഷന് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. 29 ന് കൊണ്ടോട്ടിയില്‍ നടക്കുന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് മൂസയുടെ ഭാര്യയും പരാതി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.