കൊണ്ടോട്ടി: ഉപജില്ല വിദ്യാഭ്യാസ ഓഫിസും ബി.ആര്.സിയും കൊണ്ടോട്ടി ജി.എം.എല്‍.പി സ്കൂളും കൂടുതല്‍ സൗകര്യങ്ങളോടെ ഒരു കുടക്കീഴിലാക്കുന്ന വിദ്യാഭ്യാസ സമുച്ചയ നിർമാണം വൈകാന്‍ കാരണം അസാധാരണ സാങ്കേതിക തടസ്സങ്ങളെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. രണ്ട് വര്‍ഷത്തിലധികം നീണ്ട ശ്രമഫലമായി ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന പദ്ധതിയുടെ നിർമാണ നടപടികള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നീങ്ങുന്നതോടെ ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എം.എല്‍.എ അറിയിച്ചു.
പദ്ധതിക്ക് ആദ്യമനുവദിച്ച തുക ഡി.എസ്.ആറിലെ വര്‍ധന കാരണം കൂട്ടേണ്ടിവന്നതും കോണ്‍ട്രാക്ട് പ്രവൃത്തികള്‍ക്കുള്ള ജി.എസ്.ടി 18 ശതമാനമാക്കി കേന്ദ്രം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പദ്ധതി തുക വര്‍ധിപ്പിച്ച് അനുമതിയാകേണ്ടിവന്നതിലും മണ്ണ് പരിശോധനക്കും കെട്ടിട ഘടന രൂപരേഖ തയാറാക്കുന്നതിലുമുണ്ടായ കാലതാമസവുമാണ് പദ്ധതി നീളാനിടയാക്കിയത്. രണ്ട് ഘട്ടങ്ങളിലായി പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 5.21 കോടി രൂപയുടെ വിദ്യാഭ്യാസ സമുച്ചയ പദ്ധതിക്ക് ടെന്‍ഡര്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും പെരുമാറ്റ ചട്ടം അവസാനിക്കുന്ന ജൂണ്‍ ആറിന് ശേഷം കരാറുറപ്പിക്കലടക്കമുള്ള നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
2021 സെപ്റ്റംബറിലാണ് കൊണ്ടോട്ടിയിലെ ഉപജില്ല വിദ്യാഭ്യാസ ഓഫിസിനും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജി.എം.എല്‍.പി സ്കൂളിനും മൊറയൂരിലെ ബി.ആര്.സിക്കുമായി തയാറാക്കിയ മേലങ്ങാടിയിലെ വിദ്യാഭ്യാസ സമുച്ചയ പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നാല് കോടി രൂപ അനുവദിച്ചത്. ഇതനുസരിച്ചുള്ള നടപടികള്‍ ആരംഭിക്കുന്നതിനിടെ നിർമാണ സാമഗ്രികളുടെ ചെലവ് കൂടിയതനുസരിച്ച് ഡി.എസ്.ആറിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് സമര്‍പ്പിച്ച റിവേഴ്സ് എസ്റ്റിമേറ്റ് പരിഗണിച്ച് സര്‍ക്കാര്‍ തുക 4.98 കോടി രൂപയാക്കി ഉയര്‍ത്തി. നിർമാണ കരാര്‍ പ്രവൃത്തികള്‍ക്കുള്ള ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കേന്ദ്രം വര്‍ധിപ്പിച്ചതോടെ പദ്ധതി തുക കൂട്ടേണ്ടിവന്നു. ഇതിനായി സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്ന് 5.21 ലക്ഷം രൂപയുടെ പദ്ധതിക്ക് 2023 മാര്‍ച്ച് മാസത്തിലാണ് അനുമതിയായത്.
നേരത്തെയുണ്ടായിരുന്ന കെട്ടിടങ്ങളില്‍ നിന്ന് 2022 നവംബറില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് മേലങ്ങാടിയിലെ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കും വിദ്യാലയം ഖാസിയാരകം മദ്റസയിലേക്കും മാറ്റി രണ്ട് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ശ്രമമെങ്കിലും കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും മണ്ണ് പരിശോധനക്കും സാങ്കേതിക കാരണങ്ങളാല്‍ മാസങ്ങളോളം കാലതാമസം നേരിട്ടു. ആര്‍കിടെക്റ്റിന്റെ പരിശോധനക്ക് ശേഷം കെട്ടിടത്തിന്റെ രൂപരേഖ എറണാകുളത്തെ ഓഫിസില്‍ നിന്ന് ലഭിക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. മാര്‍ച്ച് 12നാണ് ഇതിന് സാങ്കേതികാനുമതിയായതെന്നും ടെന്‍ഡര്‍ അപേക്ഷകള്‍ ക്ഷണിച്ച് തുടര്‍നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പ് പെരുമാറ്റ ചട്ടം നലവില്‍ വന്നതാണ് നിലവിലെ പ്രതിസന്ധിയെന്നും ജൂണ്‍ ആറിന് ശേഷം സമയബന്ധിതമായിതന്നെ നിർമാണ നടപടികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.