കൊണ്ടോട്ടി: ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ കേസിൽ ഒരാള്‍കൂടി പിടിയില്‍. കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി മാവുങ്ങല്‍ ഫൈസല്‍ ബാബുവിനെയാണ് (38) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അന്തര്‍ സംസ്ഥാന തട്ടിപ്പുസംഘത്തിലെ മുഴുവന്‍ പേരും പിടിയിലായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഘത്തലവന്‍ പടിഞ്ഞാറ്റുമുറി സ്വദേശി നീഗ്രോ മുനീര്‍ എന്ന പടിക്കല്‍ മുനീര്‍ (40), കാടാമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ മുഹമ്മദ് ഫൈസല്‍ (29), വേങ്ങര കൂരിയാട് സ്വദേശി ഷംസുദ്ദീന്‍ (35), കൂരിയാട് സ്വദേശി ലാലു എന്ന ശാന്തി ലാല്‍ (36), കുറ്റിപ്പുറം സ്വദേശി പുളിക്ക പറമ്പില്‍ ജാഫര്‍ സാദിഖ് (36), തൃശൂര്‍ നെടുകാടി മണികണ്ഠന്‍ (54) എന്നിവരെ രണ്ടാഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. പണയം വെക്കാനായി കൊണ്ടുവന്ന പത്ത് പവനോളം മുക്കുപണ്ടങ്ങളും ഇവരില്‍നിന്ന് കണ്ടെടുത്തിരുന്നു.
ജൂണിൽ കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് 2.2 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. നേരത്തേ പിടിയിലായ സംഘത്തലവന്‍ മുനീറിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇരുപതോളം മുക്കുപണ്ട പണയ തട്ടിപ്പ് കേസുകള്‍ ഉണ്ട്. മൂന്ന് മാസം മുമ്പ് ഇയാളുള്‍പ്പെട്ട സംഘം മുക്കുപണ്ടം പണയ തട്ടിപ്പിന് മലപ്പുറം പൊലീസിന്റെ പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് കൊണ്ടോട്ടിയില്‍ മറ്റൊരു സംഘവുമായി ചേര്‍ന്ന് തട്ടിപ്പിനെത്തിയത്.
ഇപ്പോള്‍ പിടിയിലായ ഫൈസലിനെതിരെ കാടാമ്പുഴ സ്റ്റേഷനില്‍ പോക്‌സോ കേസും നിലവില്‍ ഉണ്ട്. തൃശൂര്‍ സ്വദേശിയായ മണികണ്ഠനാണ് ഇയാള്‍ക്ക് വിദഗ്ധമായി പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത മുക്കുപണ്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. സ്കാനറില്‍ വെച്ചാലൊ ഉരച്ചു നോക്കിയാലൊ തിരിച്ചറിയാത്ത മുക്കുപണ്ടങ്ങള്‍ നിര്‍മിക്കാന്‍ വിദഗ്ധനാണ് മണികണ്ഠനെന്നും ഇയാളുടെ പേരില്‍ 40 കേസാണ് വിവിധ ജില്ലകളിലായി നിലവിലുള്ളതെന്നും പൊലീസ് അറിയിച്ചു.
ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിച്ചിരുന്ന യന്ത്രസാമഗ്രികള്‍ നേരത്തേ പൊലീസ് പിടികൂടിയിരുന്നു കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, ഇന്‍സ്പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, ഷബീര്‍, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ സുബ്രഹ്മണ്യന്‍, രാജു, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.