കൊണ്ടോട്ടി: ഗൾഫിൽനിന്നെത്തിയ വിമാന യാത്രികനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് പൊലീസ്. സംഘം വിട്ടയച്ചയാള്‍ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും കരിപ്പൂര്‍ പൊലീസ് പറഞ്ഞു.
ദുബൈയില്‍നിന്നെത്തിയ പേരാമ്പ്ര സ്വദേശിയായ 52കാരന് വ്യാഴാഴ്ച രാവിലെ ടാക്സി കാറില്‍ സഞ്ചരിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ഉണ്യാല്‍ പറമ്പില്‍ തടഞ്ഞുനിര്‍ത്തി മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദുബൈയില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയെന്നാണ് ഇയാള്‍ പറഞ്ഞത്. സ്വര്‍ണം അന്വേഷിച്ച്, തട്ടിക്കൊണ്ടുപോയ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. കണ്ണുകെട്ടിയതിനാല് സഞ്ചരിച്ച സ്ഥലം വ്യക്തമായില്ലെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.
വിമാനത്താവളത്തിൽനിന്ന് ഇയാൾ കയറിയ പ്രീ പെയ്ഡ് ടാക്സി കാര്‍ ഡ്രൈവറുടെ പരാതിയിലാണ് കരിപ്പൂര്‍ പൊലീസ് കേസെടുത്തത്. തട്ടിക്കൊണ്ടുപോയവര്‍ ഇയാളെ വീടിന് സമീപം ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കരിപ്പൂര്‍ സ്റ്റേഷനില്‍ ഹാജരായാണ് മൊഴി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.