കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ചശ്രമ കേസിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ. കരിപ്പൂർ സംഘത്തിലെ മുഖ്യപ്രതി കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ എന്ന സാജിയുടെ ഡ്രൈവറും സ്വർണക്കടത്ത് സംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് ഒത്താശ ചെയ്യുന്ന സംഘത്തിലെ കണ്ണിയുമായ കുമ്മിണിപ്പറമ്പ് നാലാം കണ്ടത്തിൽ അലി അസ്കർ എന്ന ബാബു (44), കുമ്മിണിപ്പറമ്പ് ഉണ്യാൽപറമ്പ് വീട്ടിൽ അമീർ കമ്മാളി (42) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവദിവസം കവർച്ചസംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തുകൊടുത്തത് ഇവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗൾഫിൽനിന്ന് കിട്ടിയ ഫോട്ടോ, വിമാനത്താവളത്തിനുള്ളിൽ നിലയുറപ്പിച്ച അമീറിന് സജിമോൻ ഫോർവേഡ് ചെയ്തു. ഇറങ്ങിയാൽ അറിയിക്കണമെന്നും വസ്ത്രം മാറാൻ സാധ്യതയുണ്ടെന്നും നിരീക്ഷിക്കണമെന്നുമുള്ള കാര്യങ്ങൾ സജിമോനെ അറിയിച്ചു കൊണ്ടിരുന്നു. ഇൗ വിവരമാണ് സജിമോൻ ലൈവായി ഗൾഫിലേക്ക് അറിയിച്ചുകൊണ്ടിരുന്നത്.
അർജുൻ ആയങ്കി കാറിൽ കയറി പോകുന്ന വിവരം സജിമോനെ അറിയിച്ചതും ഇയാളാണ്. ഇതേ തുടർന്നാണ് മറ്റു സംഘാംഗങ്ങൾ ആയങ്കിയെ പിന്തുടർന്നതും അഞ്ചുപേരുടെ മരണത്തിന് ഇടയാക്കിയ രാമനാട്ടുകര അപകടം നടന്നതും. കരിപ്പൂർ കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന അസ്കർ വിമാനത്താവളത്തിൽനിന്ന് കാരിയർമാരെ പുറത്തെത്തിച്ച് റിസീവർക്ക് കൈമാറുകയും പലപ്പോഴും സ്വർണം സുരക്ഷിത സ്ഥലത്ത് എത്തിച്ച് കൊടുക്കാറുമുണ്ട്. അത്തരത്തിൽ കൊടുവള്ളി, താമരശ്ശേരി ഭാഗത്തുള്ള സ്വർണക്കടത്തുകാരുമായി ഇയാൾക്ക് നല്ല ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു. വിമാനത്താവളത്തിെൻറ ഉള്ളിൽനിന്നും ഉദ്യോഗസ്ഥതലത്തിൽ സഹായം ലഭിക്കുന്ന 'സെറ്റിങ്സ്' നടക്കാറുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ കേസിൽ 23പേർ അറസ്റ്റിലായി. ടിപ്പർ ലോറിയടക്കം 12ഓളം വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.