കൊണ്ടോട്ടി: ശക്തമായ മഴ കൊണ്ടോട്ടി മേഖലയിലുണ്ടാക്കിയത് വ്യാപക നാശം. താലൂക്കിൽ 130 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. എ.യു.പി.എസ് വെണ്ണയൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. താലൂക്കിൽ ഒരു വീട് പൂർണമായും 51 വീടുകൾ ഭാഗികമായി തകർന്നു.
ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഗ്രാമീണ റോഡുകളിൽ വെള്ളം കയറി ജനം ഒറ്റപ്പെട്ടു. കനത്ത മഴയിൽ വലിയതോട് കരകവിഞ്ഞ് കൊണ്ടോട്ടി നഗരത്തെ വെള്ളത്തിൽ മുക്കി. പതിനേഴ് മുതൽ കുറുപ്പത്ത് വരെ ബൈപാസ് റോഡിെൻറ ഭൂരിഭാഗത്തും വെള്ളം കയറി. നിരവധി കടകളിലും സ്ഥാപനങ്ങളിലും നാശനഷ്ടങ്ങളുണ്ടായി.
ബസ് സ്റ്റാൻഡിന് സമീപത്തെ തൈത്തോടത്ത് വലിയതോട് കരകവിഞ്ഞ് 37 വീടുകളിൽ വെള്ളം കയറി. മഠത്തിൽതൊടു ഭാഗത്തെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കൊണ്ടോട്ടി വില്ലേജ് ഓഫിസ്, അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്ര പരിസരം എന്നിവിടങ്ങളും വെള്ളക്കെട്ടിലമർന്നു. വിമാനത്താവള വളപ്പിൽനിന്നുള്ള വെള്ളം കുത്തിയൊലിച്ച് മതിൽ തകരുകയും വീടുകൾക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തു. കൊണ്ടോട്ടി- എടവണ്ണപ്പാറ റോഡിൽ നീറാട് അങ്ങാടിയിൽ നിരവധി കടകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
അങ്ങാടിയുടെ പരിസരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നെടിയിരുപ്പ് ചുക്കാൻ ഹമീദിെൻറ വീടിന് സമീപം മണ്ണിടിഞ്ഞ് വളർത്തുമൃഗം ചത്തു.
വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. കുഴിമണ്ണ കടുങ്ങല്ലൂർ വലിയതോട് ദിശമാറിയൊഴുകി കീഴിശ്ശേരി അങ്ങാടിക്ക് സമീപം പ്രധാന റോഡടക്കം വെള്ളത്തിനടിയിലായി. വിളയിൽ കടുങ്ങല്ലൂർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശമാണ് സംഭവിച്ചത്. അടിയന്തര സാഹചര്യത്തിൽ ക്യാമ്പ് പ്രവർത്തിപ്പിക്കാൻ മേലങ്ങാടി ജി.എം.എൽ.പി സ്കൂളിൽ ഒരുക്കങ്ങൾ നടത്തി. റവന്യൂ, നഗരസഭ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.
മേഖലയിലെ മഴക്കെടുതി സംബന്ധിച്ച് ടി.വി. ഇബ്രാഹീം എം.എൽ.എ. റവന്യൂ മന്ത്രി കെ. രാജനുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.