കൊണ്ടോട്ടി (മലപ്പുറം): ചേറിലും ചളിയിലും മുങ്ങിവന്നാല്‍ അടികൊള്ളുന്ന കാലം മാറി. ചളിയും ചേറും പഴയ ബാറ്ററികളും കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി അജീഷും ചേര്‍ന്നാല്‍ നാടിനു ലഭിക്കും ആവശ്യമായ വൈദ്യുതി.
വയല്വക്കില്നിന്നും വീട്ടുപരിസരങ്ങളില്‍നിന്നും ലഭിക്കുന്ന ചേറും ചളിയും ഉപയോഗശൂന്യമായ ബാറ്ററികളിലെ തകിടും കാര്ബണുപയോഗിച്ചു വൈദ്യുതി ഉത്പാദനത്തിനുള്ള പ്രത്യേക സാങ്കേതിക വിദ്യയാണ് കൊണ്ടോട്ടി നീറാട് സ്വദേശിയായ അജീഷ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒഴിഞ്ഞ പാത്രത്തില്‍ ചളിയും ചേറും നിറച്ച് ഉപേക്ഷിച്ച ബാറ്ററിയിലെ തകിടും കാര്‍ബണും ഉപയോഗിച്ചാണ് നിസ്സാരമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഏഴാം ക്ലാസില്‍നിന്ന് പഠിച്ച ഊർജ ഉത്പാദന മാര്‍ഗങ്ങളാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രചോദനമായതെന്ന് അജീഷ് പറഞ്ഞു. നാരങ്ങയില്നിന്ന് വൈദ്യുതി ഉണ്ടാക്കാം എന്നതായിരുന്നു പാഠഭാഗം. ഇതിന്റെ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ചപ്പോഴാണ് ചളിയും ചേറുമൊന്നും ഒഴിവാക്കപ്പെടേണ്ടതല്ലെന്ന പുതിയ നിരീക്ഷണത്തിലേക്കെത്തിയത്. വെള്ളം നിറഞ്ഞ ചേറില്‍ സെല്ലുകളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചു വോള്‍ട്ടേജ് വർധിപ്പിക്കാനാകുമെന്നതാണ് കൊച്ചു ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍.
കൊച്ചുമിടുക്കന്റെ കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാറിന്റെയും ഊർജ വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രഥമാധ്യാപകന് പി.ടി. ഇസ്മയിലിന്റെ നേതൃത്വത്തില്‍ ക്ലാസ് അധ്യാപകന് കെ. ജമാല്‍, ബഷീര്‍ തൊട്ടിയന്, സി.കെ. സാബിറ,
കെ.എം. ഇസ്മയില്‍, ഷബ്ന ബഷീര്‍ തുടങ്ങിയവര്‍ കുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു. നീറാട് നെല്ലിക്കുന്ന് മരപ്പണിക്കാരനായ സുബ്രഹ്മണ്യന്റെയും ശ്രീജയുടേയും രണ്ടാമത്തെ മകനാണ് അജീഷ്. വിദ്യാര്‍ഥികളായ അതുല്യ, അര്ജുന് എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.