കൊണ്ടോട്ടി: കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ വിപുലീകരണ പ്രവൃത്തികള്‍ ആവശ്യമായ മണ്ണ് ലഭ്യമാകാത്തതിനാല്‍ അനന്തമായി നീളുന്നു. വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ റണ്‍വേയുടെ രണ്ടറ്റങ്ങളിലെയും സുരക്ഷ മേഖലയായ റണ്‍വെ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടി വിപുലീകരിക്കുന്ന പ്രവൃത്തികളാണ് നിശ്ചലാവസ്ഥയിലായിരിക്കുന്നത്.
റെസ നീളം കൂട്ടുന്നതിന് 35 ലക്ഷത്തിലധികം ക്യുബിക് മീറ്ററിലധികം മണ്ണാണ് ആവശ്യം. പ്രവൃത്തികള്‍ക്കായി ഏറ്റെടുത്ത സ്ഥലങ്ങള്‍ നിരപ്പാക്കുന്ന ജോലികള്‍ പൂര്‍ത്തിയായി ഒരു മാസത്തിലധികം പിന്നിട്ടിട്ടും മണ്ണ് ലഭ്യമാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ തുടരുന്നതാണ് വിമാനത്താവള വികസനത്തിന് വിലങ്ങുതടിയാകുന്നത്. 19 മാസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കേണ്ട പദ്ധതി ഇനിയും വൈകുമെന്ന ആശങ്കയാണ് നിലവിലുള്ളത്.
കരിപ്പൂരില്‍ മലകള്‍ക്കിടയില്‍ ടേബിള്‍ ടോപ്പ് മാതൃകയിലുള്ള റണ്‍വേയുടെ റെസ ഇരു ഭാഗങ്ങളിലും നിലവിലുള്ള 90 മീറ്ററില്‍ നിന്ന് 240 മീറ്റര്‍ നീളമാക്കി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനായി രണ്ടറ്റങ്ങളിലും 150 മീറ്റര്‍ നീളത്തില്‍ വശങ്ങള് കെട്ടി മണ്ണിട്ടുയര്‍ത്തണം. പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ മണ്ണെടുപ്പിന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുള്ള 75 സ്ഥലങ്ങളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഇതില്‍ 19 സ്ഥലങ്ങളുടെ രേഖകള്‍ നിർമാണ ചുമതല ഏറ്റെടുത്തവര്‍ ജിയോളജി വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി ലഭിച്ചിട്ടില്ല. മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാതെയുള്ള അപേക്ഷകളില്‍ അനുമതി നല്‍കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ഓരോ നടപടിയും പൂര്‍ത്തിയാക്കാനുള്ള കാലതാമസം പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വിമാനത്താവള അധികൃതരും ചൂണ്ടിക്കാണിക്കുന്നു.
റെസ വിപുലീകരണം വൈകുന്നത് കരിപ്പൂരില്‍ വലിയ വിമാന സർവിസുകള്‍ പുനഃസ്ഥാപിക്കാനും തിരിച്ചടിയാകും. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് ശേഷം വലിയ വിമാനങ്ങള്‍ക്കുള്ള സർവിസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കുകയായിരുന്നു.
അപകട കാരണവും സുരക്ഷ കാര്യങ്ങളും പരിശോധിക്കാന്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് റെസ 90 മീറ്ററില്‍നിന്ന് 240 മീറ്ററായി ഉയര്‍ത്തുന്നത്. ഇതിനായി പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നായി 12.506 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ 2023 ഒക്ടോബര്‍ 19ന് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരുന്നു. ഇവിടുത്തെ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്ത് നിരപ്പാക്കിയിട്ടും ഒരു ലോഡ് മണ്ണുപോലും എത്തിക്കാനാകാത്ത അവസ്ഥക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഈ ഘട്ടത്തില്‍ ശക്തമാകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിലുണ്ടായ ക്രിയാത്മക സമീപനം റണ്‍വേ വികസന കാര്യത്തിലും വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.