കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ തുടരുമ്പോള്‍ പൊലീസിന്‍റെ ഇടപെടല്‍ ശക്തമാകുന്നു. രണ്ട് കേസുകളിലായി അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണമുള്‍പ്പെടെ രണ്ട് യാത്രക്കാരെയും ഇവരെ കൊണ്ടുപോകാനെത്തിയ നാല് സഹായികളെയും വിമാനത്താവള പരിസരത്തെ എയ്ഡ് പോസ്റ്റ് സമീപം നടത്തിയ പരിശോധനയില്‍ കരിപ്പൂര്‍ പൊലീസ് പിടികൂടി.
കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 1.78 കിലോഗ്രാം സ്വര്‍ണമിശ്രിതവും രണ്ട് കാറുകളും പിടിച്ചെടുത്തു. ഷാര്‍ജയില്‍നിന്ന് എത്തിയ മണ്ണാര്‍ക്കാട് മുതുകുർശ്ശി ഞരക്കോട്ടില്‍ വിഷ്ണുദാസ് (26), ബഹ്‌റൈനില്‍നിന്ന് എത്തിയ വടകര വൈക്കിലാശ്ശേരി പെരുവണ്ടിയില്‍ ഷിജിത്ത് (34), വിഷ്ണുദാസിനെ സ്വീകരിക്കാനെത്തിയ കൂടരഞ്ഞി സ്വദേശികളായ കവുങ്ങുംതൊടി അബ്ദുല്‍ ലത്തീഫ് (50), പുളിയക്കണ്ടി അബ്ദുല്‍ സലീം (32), ഷിജിത്തിനെ കൊണ്ടുപോകാനെത്തിയ കൊടുവള്ളി ഉള്ളിയാടന്‍കുന്ന് ഷബീന്‍ റഹ്മാന്‍ (26), ഉള്ളിയാടന്‍കുന്ന് ഷബീല്‍ (33) എന്നിവരാണ് പിടിയിലായത്.
ഇവരെ തുടരന്വേഷണത്തിനായി കസ്റ്റംസിന് കൈമാറും. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരെ സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.
വിഷ്ണുദാസില്‍നിന്ന് നാല് കാപ്‌സ്യൂളുകളിലായി 961 ഗ്രാമും ഷിജിത്തില്‍നിന്ന് നാല് കാപ്‌സ്യൂളുകളിലായി 817 ഗ്രാം സ്വര്‍ണവും പുറത്തെടുത്തു. ജനുവരി 21ന് ടെര്‍മിനലിന് പുറത്ത് കരിപ്പൂര്‍ പൊലീസ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച ശേഷം ഇത്തരത്തിലുള്ള സ്വര്‍ണവേട്ട ശക്തമാക്കിയിട്ടുണ്ട്. സ്വര്‍ണവാഹകരായ യാത്രക്കാരെ കൊണ്ടുപോകാന്‍ എത്തുന്നവരെ നിരീക്ഷിച്ചും രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പിടികൂടുന്നത്.
മിശ്രിത രൂപത്തില്‍ ശരീരത്തിനകത്താക്കി കൊണ്ടുവരുന്ന സ്വര്‍ണം വിമാനത്താവളത്തിനകത്ത് നടക്കുന്ന പരിശോധനയില്‍ എയര്‍ കസ്റ്റംസിന് പലപ്പോഴും കണ്ടെത്താനാകാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.