കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഹാൻഡ് ബാഗേജ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുമാസത്തിനകം. ഒമ്പതുകോടി രൂപ ചെലവിലാണ് ചൈനീസ് കമ്പനിയായ ന്യുക്ക്മെക്കിെൻറ ഓട്ടോമാറ്റിക് ട്രേ റിട്രിവൽ സിസ്റ്റം (എ.ടി.ആർ.എസ്) സ്ഥാപിച്ചത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിലാണിത്. പുതിയ സംവിധാനത്തിെൻറ സുരക്ഷ പരിശോധന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) അസി. ഡയറക്ടർ പി.വി. ജോയിയുടെ നേതൃത്വത്തിൽ നടന്നു. മെഷീനുകളുടെ സൈറ്റ് ആക്സപ്റ്റൻസ് ടെസ്റ്റും കമീഷനിങ്ങുമാണ് ഇനി നടക്കാനുള്ളത്. ഇവ പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കിൽ മാർച്ച് ആദ്യവാരമോ പ്രവർത്തനം ആരംഭിക്കും.
പുതിയ സംവിധാനത്തിൽ ഹാൻഡ് ബാഗേജ് ആർ.എഫ് ടാഗിങ്ങുള്ള ട്രേകളിൽ വെച്ചാണ് എക്സ്റേ മെഷീനിൽ കടത്തിവിടുന്നത്. സ്ക്രീനിന് ചുമതലയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബാഗേജ് പരിശോധിച്ച് ക്ലിയർ ചെയ്താൽ അത് മെയിൻ ലൈൻ വഴി മറുവശത്ത് എത്തും.
ക്ലിയറാവാത്ത ബാഗുകൾ റിജക്ട് ലൈനിൽ പോകുകയും രണ്ടാമതൊരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബാഗ് പുനഃപരിശോധന നടത്തുകയും ചെയ്യും. ഇതേസമയം ബാഗ് വരുന്ന ട്രേകൾ, റോളറിന് അടിയിലുള്ള ബെൽറ്റിലൂടെ തിരികെ മെഷീെൻറ തുടക്കത്തിലെത്തും. ഇതുവരെ ഉപയോഗിച്ച ട്രേകൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ തന്നെയാണ് തിരികെ എടുത്തുെവച്ചിരുന്നത്. ഒരുമണിക്കൂറിൽ 400 ബാഗുകൾ വരെ ഈ സംവിധാനം വഴി സ്ക്രീൻ ചെയ്യാൻ സാധിക്കും. ഈ സംവിധാനം വരുന്നതോടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ സാധിക്കും. കൂടാതെ, ട്രേകൾ ഓട്ടോമാറ്റിക്കായി എക്സ്റേ മെഷീെൻറ തുടക്കത്തിൽ എത്തും.
എ.ടി.ആർ സംവിധാനത്തിെൻറ ശേഷിയനുസരിച്ച് മതിയായ എണ്ണം ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ചാൽ സെക്യൂരിറ്റി പരിശോധന കൂടുതൽ വേഗത്തിലും സുരക്ഷയിലും പൂർത്തീകരിക്കാൻ സാധിക്കും. സി.എൻ.എസ് വിഭാഗത്തിെൻറ നേതൃത്വത്തിലാണ് മെഷീൻ സ്ഥാപിച്ചത്. വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു, സി.ഐ.എസ്.എഫ് അസി. കമാൻഡർ പവൻകുമാർ, ചീഫ് സെക്യൂരിറ്റി ഓഫിസർ എൻ. വിജയകുമാർ, സി.എൻ.എസ് വിഭാഗം ജോ. ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, അസി. ജനറൽ മാനേജർ എൻ. നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.