കരിപ്പൂർ: രണ്ട് വർഷത്തിന് ശേഷം ഷെഡ്യൂൾ സർവിസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട് വിമാനത്താവളത്തിൽ തിരക്കേറിയെങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ കസ്റ്റംസ്. കോവിഡിനെതുടർന്ന് നിർത്തിയ സർവിസുകൾ മാർച്ച് 27 മുതലാണ് പുനരാരംഭിച്ചത്. സർവിസുകൾ വർധിച്ചെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുളള തസ്തികകളോ സംവിധാനങ്ങളോ ഇവിടെ ഇല്ല. നൂറ്റമ്പതോളം ഉദ്യോഗസ്ഥരാണ് വേണ്ടത്. അനുവദിച്ച തസ്തിക നൂറിൽ താഴെ. ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 50ൽ താഴെയും. നാല് ബാച്ചുകളിലായാണ് കസ്റ്റംസ് പ്രവർത്തനം. ആൾക്ഷാമം രൂക്ഷമായതോടെ ഒരു ബാച്ചിൽ പരമാവധി പത്ത് പേരാണുള്ളത്. സാധാരണ ഒരു ബാച്ചിൽ ബാഗേജ് ക്ലിയറൻസും ഇന്‍റലിജൻസ് യൂനിറ്റുമായാണ് പ്രവർത്തനം. ബാഗേജ് ക്ലിയറൻസിൽ മാത്രമാണ് നിലവിൽ ഉദ്യോഗസ്ഥരുള്ളത്. ഇവരെ തന്നെയാണ് ഇന്‍റലിജന്‍സ് യൂനിറ്റിലേക്കും നിയോഗിക്കുന്നത്.
മൂന്ന് ഡെപ്യൂട്ടി കമീഷണർമാർ, 15 സൂപ്രണ്ടുമാർ, 17 ഇൻസ്പെക്ടർമാർ, മറ്റ് ഏഴ് ഉദ്യോഗസ്ഥർ എന്നിവരാണ് നിലവിലെ ജീവനക്കാർ. കസ്റ്റംസിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് നിരവധി തവണ ആവശ്യമുയർന്നിരുന്നു.
കസ്റ്റംസ് വിഭാഗത്തിൽ നിന്ന് തന്നെ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിട്ടുണ്ട്. കൊച്ചി ചീഫ് കസ്റ്റംസ് കമീഷണർ ഓഫിസിൽ നിന്നാണ് നടപടി സ്വീകരിക്കേണ്ടത്. കോവിഡിന് മുമ്പ് എൺപതോളം പേരുണ്ടായിരുന്നു. ഏപ്രിൽ - മേയ് മാസങ്ങളിൽ കസ്റ്റംസിന്‍റെ പൊതുസ്ഥലംമാറ്റം നടക്കും. ഈ സമയത്ത് കൂടുതൽ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ. രാജ്യവ്യാപകമായി കസ്റ്റംസിൽ ഉദ്യോഗസ്ഥക്ഷാമം രൂക്ഷമാണ്. എന്നാൽ, സ്വർണക്കടത്ത് വ്യാപകമാണ്.
വ്യാഴാഴ്ചയും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രികനിൽ നിന്ന് കരിപ്പൂർ പൊലീസ് സ്വർണം പിടികൂടി. ഒരാഴ്ചക്കിടെ സമാനമായ രണ്ടാമത്തെ സംഭവമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.