കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വെട്ടിച്ചുരുക്കുന്നത് പ്രവാസികളിൽ നിന്നടക്കം പിരിവെടുത്ത് നിർമിച്ച റൺവേ. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ റൺവേ വികസനം നടത്തിയത് നാട്ടുകാരിൽ നിന്നടക്കം പിരിവെടുത്താണ്. യൂസർ ഫീ ഇനത്തിലാണ് യാത്രക്കാരിൽനിന്ന് വികസന പ്രവൃത്തിക്കായി പണം ഈടാക്കിയത്. ഈ റൺവേയാണ് 300 മീറ്റർ വെട്ടിക്കുറച്ച് 2,540 മീറ്ററായി ചുരുക്കുന്നത്. സുരക്ഷ നടപടികളുടെ ഭാഗമായി റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) 90 മീറ്ററിൽനിന്ന് 240 മീറ്ററായി വർധിപ്പിക്കാനാണ് നടപടി. ഇതിനാവശ്യമായ സ്ഥലം അതോറിറ്റിയുടെ കൈവശമുണ്ടായിരിക്കെയാണ് റൺവേ വെട്ടിച്ചുരുക്കുന്നത്. 1996ലാണ് കരിപ്പൂർ റൺവേ 6000 അടിയിൽനിന്ന് 9,300 അടിയാക്കി നീട്ടൽ ആരംഭിച്ചത്. എന്നാൽ, വിമാനത്താവള വികസനത്തിന് തുക അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. തുടർന്ന് മലബാർ എയർപോർട്ട് ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സ്വദേശത്തും വിദേശത്തും പിരിവിന് ഇറങ്ങി. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരും ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് നടത്തിയ പിരിവിൽ ഉദ്ദേശിച്ച തുക കിട്ടിയില്ല.
അഞ്ച് കോടിക്ക് താഴെ മാത്രമാണ് പിരിവിലൂടെ ലഭിച്ചത്. പിന്നീടാണ് വിമാനത്താവള വികസനത്തിനായി സർക്കാർ മലബാർ ഇൻറർനാഷനൽ എയർപോർട്ട് ഡെവലപ്മെൻറ് സൊസൈറ്റി (മിയാഡ്സ്) രൂപവത്കരിച്ചത്. പ്രവൃത്തിക്കാവശ്യമായ 60 കോടി രൂപ ഹഡ്കോയിൽനിന്ന് വൻ പലിശക്ക് വായ്പ എടുക്കാനായിരുന്നു തീരുമാനം. 1995ലാണ് വായ്പ എടുത്തത്. ഈ തുക മിയാഡ്സ് അതോറിറ്റിക്ക് കൈമാറിയപ്പോൾ റൺവേ വികസനം ആരംഭിച്ചു. അഞ്ച് വർഷം കഴിയുമ്പോൾ വായ്പ തുക അതോറിറ്റി മിയാഡ്സിന് തിരിച്ചുനൽകുമെന്നായിരുന്നു കരാർ. ഹഡ്കോക്ക് പലിശയിനത്തിൽ കൊടുക്കാനുള്ള ഭീമമായ തുക മിയാഡ്സ് കണ്ടെത്തണം. ഇതിനായാണ് കരിപ്പൂരിൽനിന്ന് കയറുന്ന വിദേശയാത്രക്കാരിൽനിന്നടക്കം തുക പിരിച്ചത്. 1995 ഒക്ടോബറിലാണ് 500 രൂപ യൂസർ ഫീ ഈടാക്കി തുടങ്ങിയത്. പ്രതിഷേധങ്ങൾക്ക് ഒടുവിൽ 2001 ജനുവരിയിൽ 375 രൂപയാക്കി. 2003 മാർച്ചിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം യൂസേഴ്സ് ഫീ പിരിക്കുന്നത് നിർത്തി. ഈ കാലയളവിൽ ആറ് കോടിയിലധികം രൂപയാണ് യാത്രക്കാരിൽനിന്ന് പിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.