കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ റണ്‍വേ സുരക്ഷമേഖല (റെസ) വിപുലീകരിക്കാൻ സ്ഥലമേറ്റെടുത്ത് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സമയപരിധി പിന്നിട്ടിട്ടും നടപടികള്‍ ഇഴയുന്നു. ഏറ്റെടുക്കേണ്ട ഭൂരേഖകള്‍ പൂര്‍ണമായും സ്വീകരിക്കാനായിട്ടില്ല.
നേരത്തെ നിര്‍ണയിച്ച 14.5 ഏക്കറിൽ അളവ് തീര്‍ന്നപ്പോള്‍ പള്ളിക്കല്‍ വില്ലേജിലെ 1.34 ഏക്കറിന്റെ കുറവ് കണ്ടെത്തിയത് നടപടിക്രമങ്ങളെ ബാധിക്കുകയാണ്. നഷ്ടമായ 1.34 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നേരത്തെ നടത്തിയ വിജ്ഞാപനമടക്കമുള്ള നടപടികള്‍ വീണ്ടും സ്വീകരിക്കേണ്ടിവരും.
പള്ളിക്കല്‍ വില്ലേജില്‍ നിന്ന് ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജില്‍ നിന്ന് 7.5 ഏക്കറും ഉള്‍പ്പെടെ 14.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ധാരണ.റവന്യൂരേഖകള്‍ അടിസ്ഥാനമാക്കി സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് പള്ളിക്കല്‍ വില്ലേജില്‍ ഏറ്റെടുക്കേണ്ട സ്ഥലത്തില്‍ കുറവ് വന്നത് ബോധ്യമായത്. ഇത് വിമാനത്താവള വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. റവന്യൂ രേഖകള്‍ മാത്രം മുന്‍നിര്‍ത്തി സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനമിറക്കിയതാണ് വെല്ലുവിളിയായത്. ആധാരങ്ങള്‍ പ്രമാണമാക്കിയുള്ള പരിശോധനകളും കാര്യക്ഷമമായി നടന്നില്ല. ഇരുവില്ലേജുകളിലുമായി 80 പേരാണ് ഭൂരേഖകള്‍ സമര്‍പ്പിക്കേണ്ടത്. സമയപരിധിയായ സെപ്റ്റംബര്‍ 15നകം പകുതി കൈവശാവകാശക്കാര്‍ക്ക് പോലും മുഴുവന്‍ രേഖകളും സമര്‍പ്പിക്കാനായിട്ടില്ല. ഇതിനകം 71.2 കോടി രൂപയാണ് നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് നല്കാന് സര്‍ക്കാര്‍ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.