കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയുടെ സുരക്ഷ മേഖല വിപുലപ്പെടുത്താനുള്ള പ്രവൃത്തികള്‍ക്ക് കളമൊരുങ്ങി.
സുരക്ഷ മേഖല ദീര്‍ഘിപ്പിക്കാനായി കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ഭൂമിയില്‍ 12.48 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഈ പ്രദേശങ്ങള്‍ അളന്നുതിട്ടപ്പെടുത്തി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
വിമാനത്താവള അതോറിറ്റി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ റൺവേ സുരക്ഷ മേഖല (റെസ) ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ഇതിനുള്ള നടപടികള്‍ നിലവില്‍ ആരംഭിച്ചതായാണ് വിവരം. പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളില്‍ നിന്നായി 12.48 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിരിക്കുന്നത്. രണ്ട് വില്ലേജുകളില്‍ നിന്നായി 76 ഭൂവുടമകളില്‍നിന്നാണ് സ്ഥലം ഏറ്റെടുത്തത്.
ഇതില്‍ 50 ഭൂവുടമകള്‍ നെടിയിരുപ്പ് വില്ലേജിലും 26 ഭൂവുടമകള്‍ പള്ളിക്കല്‍ വില്ലേജിലും ഉള്‍പ്പെടുന്നവരാണ്. ഇവരുടെയെല്ലാം രേഖകള്‍ സര്‍ക്കാര്‍ കേന്ദ്ര അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.
വീടുകള്‍ നഷ്ടമാകുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജില്‍ 10 ലക്ഷം രൂപയുള്‍പ്പെടെ സ്ഥലത്തിന്റെയും കാര്‍ഷിക വിളകളുടേയും മറ്റു കെട്ടിടങ്ങളുടേയും നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് വില്ലേജുകളിലായി 63 ഭൂമി കൈവശാവശികള്ക്ക് ഇതിനകം ബാങ്ക് അക്കൗണ്ട് വഴി തുക നല്കി.
നിയമ പ്രശ്നങ്ങളുള്ള 13 ഭൂമി കൈവശക്കാര്‍ക്ക് മാത്രമാണ് ഇനി നഷ്ടപരിഹാരം നല്‍കാനുള്ളത്. ഇത് കോടതിയിയില്‍ കെട്ടിവെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.