കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയുടെ സുരക്ഷ മേഖല വിപുലമാക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സർവേ നെടിയിരുപ്പ് വില്ലേജ് പരിധിയില്‍ ആരംഭിച്ചു. പാലക്കാപ്പറമ്പ് മേഖലയിലെ 7.5 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആദ്യദിവസം പിലാതോട്ടത്തില്‍ നിലവിലെ കണക്കനുസരിച്ചുള്ള സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയം ഉദ്യോഗസ്ഥ സംഘം പൂര്‍ത്തിയാക്കി. പിലാത്തോട്ടത്തുള്ള വിമാനത്താവള ചുറ്റുമതിലില്‍നിന്ന് 160 മീറ്റര്‍ നീളത്തിലും ഇതിന്റെ ഇരുവശത്തുമായി 90 മീറ്റര്‍ വീതിയിലുമാണ് സ്ഥലമളന്ന് കുറ്റി നാട്ടിയത്. പ്രാഥമികമായുള്ള അളവെടുപ്പാണ് നടന്നതെന്നും ശാസ്ത്രീയമായുള്ള ഡിജിറ്റല്‍ സർവേ വ്യാഴാഴ്ച നടക്കുമെന്നും ഭൂമിയേറ്റെടുക്കലിന്റെ ജില്ലതല ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍ അറിയിച്ചു. റൺവേയുടെ കിഴക്ക് ഭാഗത്തുള്ള പാലക്കാപ്പറമ്പ് പിലാത്തോട്ടം പ്രദേശത്തെ വടക്കുഭാഗത്താണ് പ്രാഥമിക പരിശോധനയില്‍ സംഘം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇവിടെ 22 കൈവശഭൂമികള്‍ പരിശോധിച്ചതില്‍ 14 വീടുകളാണ് നഷ്ടമാകുക. സ്ഥലവും വീടും നഷ്ടമാകുന്നവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയാണ് ഉദ്യോഗസ്ഥ സംഘം സർവേ നടപടികളിലേക്ക് കടന്നത്. പാലക്കാപ്പറമ്പ് അംഗന്‍വാടിയിലായിരുന്നു യോഗം.
നെടിയിരുപ്പില്‍ റോഡുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വിലയിരുത്തി 2.40 ലക്ഷം മുതല്‍ 2.79 ലക്ഷം വരെയുമാണ് സെന്റിന് സര്‍ക്കാര്‍ വില കണക്കാക്കിയത്. ഇക്കാര്യം റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനുപുറമെ കാര്‍ഷിക വിളകള്‍ക്കും വീടുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും മറ്റു നിര്‍മിതികള്‍ക്കും മരങ്ങള്‍ക്കും പ്രത്യേക ധനസഹായവും വീട് നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അധികമായും നല്‍കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. ഭൂമിക്ക് നിശ്ചയിച്ച അടിസ്ഥാനവില പോരെന്ന വാദമാണ് നാട്ടുകാര്‍ ഉന്നയിച്ചത്. അഞ്ചു ലക്ഷം രൂപയെങ്കിലും സെന്റിന് ലഭ്യമാക്കാതെ കിടപ്പാടം വിട്ടുപോകില്ലെന്ന നിലപാടാണ് സ്ഥലവാസികള്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഭൂമിയേറ്റെടുക്കലോടെ ഇല്ലാതാകുന്ന പിലാത്തോട്ടം റോഡിന് ബദല്‍ സംവിധാനം ഒരുക്കാത്തതിനെചൊല്ലിയും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. യോഗത്തിൽ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹറാബി, വാർഡ് കൗൺസിലർ ഫിറോസ്, മറ്റു കൗൺസിലർമാരായ കെ.സി. മൊയ്തീൻ, സൽമാൻ തുടങ്ങിയവരും സംബന്ധിച്ചു.
തദ്ദേശീയരുടെ പ്രശ്നങ്ങള്‍ ജില്ല ഭരണകൂടം സര്‍ക്കാറിനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഉദ്യോഗസ്ഥസംഘം സർവേ നടപടികളിലേക്ക് തിരിഞ്ഞത്. ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണിന് പുറമെ കരിപ്പൂര്‍ ഭൂമിയേറ്റെടുക്കലിന്റെ പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർ എം.പി. പ്രേംലാല്‍, സ്പെഷല്‍ തഹസില്‍ദാര്‍ എം.കെ. കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. സർവേ, കൃഷി, പൊതുമരാമത്ത്, വനംവകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.