കരിപ്പൂർ: നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയിട്ടും കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾക്ക് തടസ്സം നിൽക്കുന്നത് കേന്ദ്ര വ്യോമയാന മന്ത്രാലയമെന്ന് സൂചന. അനുമതി നൽകേണ്ട ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സർവിസിന് സാേങ്കതിക തടസ്സമില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, വ്യോമയാന മന്ത്രാലയത്തിൽനിന്നുള്ള എതിർപ്പുകളാണ് തടസ്സമായിരിക്കുന്നത്. 2015ൽ റൺവേ നവീകരണ ഭാഗമായി നിർത്തിയ വലിയ വിമാനസർവിസുകൾ നിരന്തര പരിശ്രമത്തിനൊടുവിൽ 2018ലായിരുന്നു പുനഃസ്ഥാപിച്ചത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷൻ (െഎ.സി.എ.ഒ) നിഷ്കർഷിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.സി.എ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയത്. എന്നാൽ, കഴിഞ്ഞവർഷം ആഗസ്റ്റിലുണ്ടായ അപകടത്തിെൻറ പേരിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. തുടർന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ച വിദഗ്ധ സംഘം പരിശോധനകൾ നടത്തി. ഇവർ നിർദേശിച്ചപ്രകാരമുള്ള നടപടികൾ അതോറിറ്റി പൂർത്തിയാക്കി. തുടർച്ചയായി വിമാനത്താവള അതോറിറ്റി വിമാനകമ്പനികളുമായി സഹകരിച്ച് വിവിധ പഠനങ്ങൾ നടത്തി ഇൗ വർഷം ജനുവരി 21ന് അന്തിമ അനുമതിക്കായി ഡി.ജി.സി.എക്ക് സമർപ്പിച്ചിട്ടുണ്ട്.
സൗദി എയർലൈൻസും ഖത്തർ എയർവേസുമാണ് ഡി.ജി.സി.എക്ക് റിപ്പോർട്ട് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നത്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നായിരുന്നു അതുവരെ കേന്ദ്രം അറിയിച്ചത്. ഇപ്പോൾ വിമാനാപകടത്തിെൻറ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രനിലപാട്. റിപ്പോർട്ടാണെങ്കിൽ അനന്തമായി നീളുകയാണ്. ജനുവരിയിൽ പുറത്തുവിടേണ്ട റിപ്പോർട്ട് അപകടത്തിന് ഒരുവർഷം പൂർത്തിയായിട്ടും വന്നിട്ടില്ല. ആഗസ്റ്റിൽ എന്തായാലും പ്രസിദ്ധീകരിക്കുമെന്നായിരുന്നു രാജ്യസഭയിൽ കേന്ദ്രമന്ത്രി വി.കെ. സിങ് അറിയിച്ചിരുന്നത്. എന്നാൽ, അതും നടന്നില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം
കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ യോഗം േചരും. രാവിലെ 11.30ന് ഒാൺലൈനിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാൻ, ആൻറണി രാജു, എം.പിമാരായ രാഹുൽ ഗാന്ധി, അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. രാഘവൻ, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, കൊണ്ടോട്ടി നഗരസഭ പ്രതിനിധികൾ, കലക്ടർ കെ. ഗോപാലകൃഷ്ണൻ, റവന്യൂ വകുപ്പ് ഉേദ്യാഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. മുന്നോടിയായി കഴിഞ്ഞയാഴ്ച വിമാനത്താവള അതോറിറ്റിയും സംസ്ഥാന സർക്കാറും തമ്മിൽ ഒാൺലൈനിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ 137 ഏക്കർ പള്ളിക്കൽ വില്ലേജിൽ നിന്നു പുതിയ ടെർമിനൽ നിർമിക്കാനും 15.25 ഏക്കർ കൊണ്ടോട്ടി വില്ലേജിൽ നിന്ന് കാർ പാർക്കിങ്ങിനുമായാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. റൺവേ വികസനം ഉൾപ്പെടെയുള്ള കാര്യത്തിൽ അതോറിറ്റി മൗനം പാലിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.