കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ നീളം കുറക്കാനുള്ള നടപടിയിൽനിന്ന് വിമാനത്താവള അതോറിറ്റി പിൻവലിഞ്ഞത് വ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ. പാർലമെൻറിനകത്തും പുറത്തും ജനപ്രതിനിധികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഡിസംബറിലാണ് റൺവേ നീളം കുറക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഔദ്യോഗിക അറിയിപ്പ് കരിപ്പൂരിൽ ലഭിച്ചത് ജനുവരി 28നായിരുന്നു. ഇതിന് മുമ്പുതന്നെ ഉപദേശക സമിതി യോഗം ചേർന്ന് നടപടികളുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തുടക്കത്തിലുള്ള എതിർപ്പ് പരിഗണിക്കാതെ റൺവേ നീളം കുറക്കൽ പ്രവൃത്തികൾ ആരംഭിക്കാനാണ് അതോറിറ്റി ആസ്ഥാനത്തുനിന്ന് ലഭിച്ച നിർദേശം.
ഇതോടെയാണ് ജനപ്രതിനിധികൾ ഇടപെട്ടത്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, രാജ്മോഹന്‍ ഉണ്ണിത്താന്, പി.വി. അബ്ദുൽ വഹാബ് എന്നിവരടങ്ങുന്ന സംഘം ഫെബ്രുവരി നാലിന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് വിഷയം ധരിപ്പിച്ചു. 20 എം.പിമാര്‍ ഒപ്പുവെച്ച പ്രതിഷേധ കുറിപ്പും കൈമാറി. നീളം കുറക്കുന്ന നടപടികളുമായി മുന്നോട്ട് പോകില്ലെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ഇതിനുശേഷവും നടപടികൾ നിർത്തലാക്കിയുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ഫെബ്രുവരി മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീർ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. പാർലമെൻറിൽ 11ന് എം.കെ. രാഘവനും ചോദ്യങ്ങൾ ഉന്നയിച്ചു. റൺവേ നീളം കുറക്കില്ലെന്ന മുൻ നിലപാട് തന്നെയാണ് മന്ത്രി ആവർത്തിച്ചത്. ഇതുവരെ ഒമ്പതംഗ സമിതി റിപ്പോര്‍ട്ടുകള്‍ ഒന്നും നല്‍കിയില്ലെന്നും റണ്‍വേ നീളം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇക്കാര്യം ശരിയല്ലെന്ന് അതോറിറ്റിയിൽനിന്ന് ലഭിച്ച കത്ത് സഹിതം പാർലമെൻറിൽ എം.കെ. രാഘവൻ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് നടപടികളിൽനിന്ന് അതോറിറ്റി പിൻവലിഞ്ഞത്.
ഇനിവേണ്ടത് വലിയ വിമാനം പുനഃസ്ഥാപിക്കൽ
കരിപ്പൂർ: റൺവേ നീളം കുറക്കൽ നീക്കത്തിൽനിന്ന് വിമാനത്താവള അതോറിറ്റി പിൻവാങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാന സർവിസ് പുനഃസ്ഥാപിക്കണമെന്നാവശ്യം വീണ്ടും ഉയരുന്നു. 2020 ആഗസ്റ്റ് ഏഴിന് നടന്ന വിമാനാപകട പശ്ചാത്തലത്തിലായിരുന്നു വലിയ സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മഴക്കാലം കഴിയുംവരെ നിയന്ത്രണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യനിലപാട്. പിന്നീട് പാർലമെൻറ് സ്ഥിരംസമിതി യോഗതീരുമാന പ്രകാരം ഡി.ജി.സി.എ വിദഗ്ധ സംഘമെത്തി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താൻ നിർദേശിച്ചിരുന്നു. ഈ നടപടികൾ പൂർത്തീകരിക്കുകയും അനുബന്ധമായി കഴിഞ്ഞവർഷം ജനുവരി അഞ്ചിന് വിമാനകമ്പനികളും അതോറിറ്റിയും വിവിധ ഏജൻസികളും സംയുക്തമായി യോഗം ചേരുകയും തുടർന്ന് സൗദി എയർലൈൻസ്, ഖത്തർ എയർവേസ് എന്നിവർ സർവിസ് പുനരാരംഭിക്കാൻ ഡി.ജി.സി.എക്ക് കത്ത് നൽകുകയും ചെയ്തു.
എന്നാൽ, വിമാനാപകടം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എ.എ.ഐ.ബി) റിപ്പോർട്ട് വന്നശേഷം പരിഗണിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. റിപ്പോർട്ട് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവിട്ടു. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് നടപടികൾ നീട്ടാൻ ഒമ്പതംഗ സമിതിയെ വീണ്ടും നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് വന്നശേഷം അനുവദിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. ഇവരുടെ നിർദേശപ്രകാരമാണ് റൺവേ നീളം കുറക്കാനുള്ള ശ്രമം നടത്തിയത്. സൗദി സെക്ടറിൽ തിരക്കേറിയിരിക്കുന്നതിനാൽ വലിയ വിമാന സർവിസ് പുനഃസ്ഥാപിക്കുന്നത് ഏറെ സഹായകരമാകും.
റെസ 240 മീറ്ററായി വർധിപ്പിക്കാൻ നിലവിൽ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലം ഉപയോഗിക്കണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. റൺവേയുടെ രണ്ടറ്റത്തുമുള്ള അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഉപയോഗിച്ച് റെസ നീളം കൂട്ടുകയോ അല്ലെങ്കിൽ ഇ മാസ് സംവിധാനം കരിപ്പൂരിൽ നടപ്പാക്കുകയോ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.