കൊണ്ടോട്ടി: നീരൊഴുക്ക് നിലച്ച് മാലിന്യ പ്രഭവ കേന്ദ്രമായ കൊണ്ടോട്ടി വലിയതോടിന്റെ ആഴം വര്‍ധിപ്പിക്കാനും മണ്ണ് നീക്കം ചെയ്ത് പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്താനും നടപടികളാകുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിയായ നഗര സഞ്ജയനത്തില് ഉള്‍പ്പെടുത്തി നഗരസഭ പ്രദേശത്തെ പ്രവൃത്തികള്‍ക്ക് ലഭ്യമായ അഞ്ച് കോടി രൂപ ഉപയോഗിച്ച് തോട്ടിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. പ്രവൃത്തി മാര്‍ച്ച് 31ന് മുമ്പ് ആരംഭിക്കാന്‍ ധാരണയായി.
കൊണ്ടോട്ടി നഗരസഭയുടെയും പുളിക്കല്‍, പള്ളിക്കല്‍, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും ജലാശയ ഭാഗങ്ങളില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നതിന് 15 കോടി രൂപയാണ് അംഗീകരിച്ചിരിക്കുന്നത്. മലപ്പുറം നഗരസഭ കേന്ദ്ര ഘടകമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയില്‍ നിലവില്‍ അനുവദിച്ച തുകയില്‍ അഞ്ച് കോടി രൂപ കൊണ്ടോട്ടി നഗരസഭയിലും ബാക്കി 10 കോടി സമീപ പഞ്ചായത്തുകളിലും ജലാശയ നവീകരണത്തിനായി ചെലവഴിക്കും.
പൊതു ജലാശയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് ആഴം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുകയെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. മുസ്ലിയാരങ്ങാടി മുറിത്തോട് മുതല്‍ നീറ്റാണി വരെ നഗരസഭാ പരിധിയിലെ 11 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
എന്നാല്‍ ജലാശയത്തിന്റെ അതിര്‍ത്തി പൂര്‍ണമായും നിര്‍ണയിക്കാതെയുള്ള പാര്‍ശ്വ ഭിത്തി ശാക്തീകരണവും ആഴമേറ്റല് നടപടിയും അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാരും വിവിധ സംഘടനകളും രംഗത്തുണ്ട്. ജലാശയ അതിര്‍ത്തികള്‍ വ്യാപകമായി കൈയേറിയിട്ടുണ്ടെന്ന പരാതി വ്യാപകമാണ്. ഇത് പരിഹരിക്കാതെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഫണ്ടിന്റെ ദുരുപയോഗത്തിനു വഴിവെക്കുമെന്ന ആക്ഷേപമാണ് ഉയരുന്നത്. വലിയ തോടിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം പ്രഹസനമായിരുന്നു.
വലിയതോട്ടിലെ മാലിന്യം നീക്കം ചെയ്യാനോ ശുചിത്വമുറപ്പാക്കാനോ നടപടികളുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും തുടരുന്ന അനാസ്ഥ പൊതുജനാരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ്. വേനലില്‍ നീരൊഴുക്ക് നിലച്ചതോടെ ജൈവ, രാസ മാലിന്യങ്ങള്‍ തോട്ടിലുടനീളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
ഒപ്പം മണ്ണുകൂടി അടിഞ്ഞതോടെ രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാന്‍ നടപടിവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് മണ്ണ് നീക്കം ചെയ്യലിനുള്ള കര്‍മ പദ്ധതിക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്.
കൊണ്ടോട്ടി: വലിയ തോട് നവീകരണ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ ജലാശയത്തിന്റെ ആഴം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അതിര്‍ത്തി നിര്‍ണയത്തിനു ശേഷം മാത്രം നടത്തേണ്ടതാണെന്ന വാദവുമായി വിവിധ കൂട്ടായ്മകള്‍ രംഗത്ത്. മണ്ണടിഞ്ഞും ജലാശയം കൈയേറിയുമുള്ള ചൂഷണത്താല്‍ നിരവധി കുടുംബങ്ങളും വ്യാപാരികളും കാലവര്‍ഷാരംഭത്തോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. വേനലില്‍ കുടിവെള്ള ക്ഷാമവും ജലാശയ മലിനീകരണത്താലുള്ള ആരോഗ്യ ഭീഷണിയും ശക്തമാണ്.
ഇക്കാര്യമുന്നയിച്ച് കൊണ്ടോട്ടി വോട്ടേഴ്സ് വോയ്സ് താലൂക്ക് സമിതി ജോയന്റ് സെക്രട്ടറി എന്‍.വി. പ്രകാശ്, റസിഡന്റ് അസോസിയേഷനുകള്‍, വ്യാപാരി സംഘടനകള്‍ തുടങ്ങിയവര്‍ നവ കേരള സദസ്സിലടക്കം സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു.
കൊണ്ടോട്ടി: നഗരത്തിലെ പ്രധാന ജലസ്രോതസ്സായ വലിയ തോടിന്റെ നവീകരണത്തിന് മുന്നോടിയായി അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മൊഹിയുദ്ദീന്‍ അലി പറഞ്ഞു.
നഗരസഭ ഇക്കാര്യമാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ നല്‍കിയതാണ്. നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതിക്ക് ലഭിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടികളാണ് നഗരസഭ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ നടപടികള്‍ വൈകുമ്പോള്‍ ലഭ്യമായ തുകയില്‍ നഗരം നേരിടുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.