കൊണ്ടോട്ടി: കിഫ്ബി ഫണ്ടുപയോഗിച്ച് കൊണ്ടോട്ടി നഗരസഭയില്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഹൈകോടതി നിർദേശം. കൊണ്ടോട്ടി കിഫ്ബി-അമൃത് വാട്ടര്‍ പ്രോജക്ട് പ്രൊട്ടക്ഷന്‍ ഫോറത്തിനുവേണ്ടി ഫ്രണ്ട്സ് ഓഫ് നേച്വര്‍ സെക്രട്ടറി എം.എസ്. റഫീഖ് ബാബു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി ഇടപെടല്‍. ഹരജിക്കാരനുവേണ്ടി അഡ്വ. ടി.കെ. അജിത് കുമാറാണ് ഹാജരായത്.
പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. ‘മാധ്യമം’ പുറത്തുകൊണ്ടുവന്ന വിഷയം ജനകീയ സംഘടനകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പദ്ധതി പ്രകാരം ഉപയോഗിക്കേണ്ട 160 എം.എം പൈപ്പിനു പകരം 90 എം.എം പൈപ്പുകള്‍ ഉപയോഗിക്കുകയും പദ്ധതിയിലേക്കായി വാങ്ങിയ രണ്ടു കോടിയിലധികം രൂപ വിലയുള്ള പി.വി.സി പൈപ്പുകള്‍ പാഴായിപ്പോവുകയും ചെയ്തതുമാണ് വിവാദമായത്. പ്രവൃത്തിയില്‍ പാലിക്കേണ്ട നിർദേശങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന ആക്ഷേപം ശക്തമായതോടെയാണ് കിഫ്ബി-അമൃത് വാട്ടര്‍ പ്രോജക്ട് പ്രൊട്ടക്ഷന്‍ ഫോറം ഹൈകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ നല്കുന്ന വിശദീകരണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍.
ലൈനുകളില്‍ വെള്ളം പമ്പ് ചെയ്ത് പ്രഷര്‍ ടെസ്റ്റ് നടത്താതെയാണ് വീടുകളിലേക്കുള്ള കണക്ഷൻ നല്‍കിയതെന്ന് പരാതിക്കാര്‍ നിരന്തരം ആരോപിച്ചിരുന്നു. നഗരസഭ റോഡുകള്‍ റീ ടാറിങ് പൂര്‍ത്തിയാക്കിയതോടെ വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് പൈപ്പുകള്‍ പൊട്ടാനും കുടിവെള്ളം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാതിരിക്കാനുമുള്ള സ്ഥിതിയാണ് നിലവിലേത്. നേരത്തെ ജലവിതരണം ആരംഭിച്ച എട്ടാം വാര്‍ഡായ വട്ടപ്പറമ്പില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ മാത്രം 35 സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയിരുന്നു.
പദ്ധതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ‘മാധ്യമം’ നല്കിയ വാര്‍ത്തയെ തുടര്‍ന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ അടിയന്തര യോഗം വിളിക്കുകയും പദ്ധതി പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കുകയും ചെയ്തിരുന്നു. ഉപാധികളോടെ ദേശീയപാതക്ക് കുറുകെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.