കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രികൂടിയായ കൊണ്ടോട്ടിയിലെ താലൂക്ക് സര്‍ക്കാര്‍ ആതുരാലയത്തിലേക്കുള്ള വഴിപ്രശ്‌നം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. പരിസരവാസികളുടെ താൽപര്യങ്ങളും ആശങ്കകളും പരിഹരിക്കാതെ ആതുരാലയത്തിലേക്കുള്ള പാത വീതി വര്‍ധിപ്പിക്കല്‍ പ്രവൃത്തികളുമായി സഹകരിക്കില്ലെന്ന് നാട്ടുകാര്‍ രൂപം നല്‍കിയ സമരസമിതി വ്യക്തമാക്കി. താലൂക്ക് ഗവ. ആശുപത്രി വികസനത്തിന്റെ ഭാഗമായി ആതുരാലയത്തിലേക്കുള്ള പഴയങ്ങാടി-ബ്ലോക്ക് ഓഫിസ് റോഡ് വീതികൂട്ടുന്നതിനുള്ള നടപടികള്‍ക്ക് സെപ്റ്റംബര്‍ 24ന് തുടക്കമായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. എന്നാൽ, ഇക്കാര്യത്തില്‍ പരിസരവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ചിട്ടില്ലെന്നാണ് സമര സമിതിയുടെ ആക്ഷേപം.
ബ്ലോക്ക് റോഡ് വീതി കൂട്ടുന്നതില്‍ സ്ഥലം നഷ്ടപ്പെടുന്ന പരിസരവാസികളുടെ യോഗം കഴിഞ്ഞ 15ന് ചേര്‍ന്നിരുന്നു. യോഗത്തില്‍ രൂപം നല്‍കിയ സമരസമിതി വിഷയത്തില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. റോഡരികില്‍ താമസിക്കുന്നവര്‍ക്ക് സ്ഥലം നഷ്ടമാകുമ്പോഴുള്ള പ്രയാസം അധികൃതര്‍ മുഖവിലക്കെടുത്തിട്ടില്ല. എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥെരയും വിഷയം ധരിപ്പിച്ചിട്ടും നഷ്ടപരിഹാരമുള്‍പ്പെടെ കാര്യങ്ങളില്‍ തീര്‍പ്പായിട്ടില്ലെന്ന് സമിതി ഭാരവാഹികളായ കുട്ടങ്കാവില്‍ ഹംസ, റസാഖ് മുണ്ടപ്പലം, ചുണ്ടക്കാടന്‍ അനീസ്, നജ്മുദ്ദീന്‍, സലീം ചോണെങ്ങല്‍, മുഹ്യിദ്ദീന് തുടങ്ങിയവര്‍ പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രി നവീകരണത്തിന് 44 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാം ഘട്ടത്തില്‍ 36 കോടി രൂപയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇതുപയോഗിച്ച് കെട്ടിട നിര്‍മാണപ്രവൃത്തി ആരംഭിക്കണമെങ്കില്‍ കിഫ്ബി നിബന്ധനക്കനുസരിച്ച് റോഡിന് 10 മീറ്റര്‍ വീതി ആവശ്യമാണ്. നിലവില്‍ വീതി കുറവായ റോഡിന് അധികംവേണ്ട സ്ഥലം ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പരിസരവാസികളുമായി ചര്‍ച്ച നടത്തി ഏറ്റെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ആരംഭഘട്ടം തുടങ്ങിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.