കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രികരടക്കം നിരവധി പേര് നിത്യവും ആശ്രയിക്കുന്ന കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ബൈപാസ് നവീകരണത്തിനുള്ള നടപടികള്‍ വാക്കിലൊതുങ്ങുന്നു. വര്‍ഷങ്ങളായി തകരുന്ന റോഡില്‍ ക്വാറി മാലിന്യം ഉപയോഗിച്ച് താൽക്കാലിക അറ്റകുറ്റപണികള്‍ നടത്താറുണ്ടെങ്കിലും ഒരു മഴയോടെ റോഡില്‍ പഴയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത് അപകടക്കെണിയാകുകയാണ്. തകര്‍ന്നടിഞ്ഞ നിരത്തുവക്കില്‍ സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്ന അവസ്ഥയും നഗരത്തില്‍ വ്യാപകമാണ്. ഇത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.
മേഖലയില്‍ കാല്‍നട യാത്രയും അപകടമുനമ്പിലാണ്. കാല്‍നടയാത്രികര്‍ക്ക് ആവശ്യം വേണ്ട സൗകര്യങ്ങളും നഗരത്തിലില്ല. തകര്‍ന്നുകിടക്കുന്ന ഓടകള്‍ക്കു മുകളിലൂടെ നടക്കാനാകാത്ത അവസ്ഥയാണ്. റോഡരിക് ചേര്‍ന്നു നടന്നുപോകുന്നവര്‍ക്ക് വാഹനങ്ങളുടെ അമിത വേഗവും ഭീഷണിയാകുന്നു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ നഗരസഭയോ ശ്രമം നടത്തുന്നില്ല.
കുറുപ്പത്ത് മുതല്‍ പതിനേഴാം മൈല്‍ വരെ പ്രശ്നം നിലവിലുണ്ട്. നഗരമധ്യത്തില്‍ മേലങ്ങാടി റോഡും തങ്ങള്‍സ് റോഡും കോഴിക്കോട്-പാലക്കാട് ദേശീയപാതയുമായി സംഗമിക്കുന്ന ഭാഗത്താണ് റോഡ് തീര്‍ത്തും തകര്‍ന്നടിഞ്ഞത്. കുഴികളില്‍ വെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് ഇവയുടെ ആഴമറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രികര്‍ നിരന്തരം അപകടത്തില്‍പ്പെടുന്ന അവസ്ഥയുണ്ട്. റോഡ് നവീകരണം കാര്യക്ഷമമായി നടത്തണമെന്ന ആവശ്യം വിവിധ സംഘടനകളും യാത്രക്കാരും നിരന്തരം ഉന്നയിച്ചിട്ടും പരിഹാരമായിട്ടില്ല. ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ആശയക്കുഴപ്പങ്ങളാണ് റോഡ് നവീകരണത്തെ പിറകോട്ടടുപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.