കൊണ്ടോട്ടി: അമൃത് കുടിവെള്ള പദ്ധതിയില്‍ ഗുണഭോക്താക്കളെ കബളിപ്പിച്ച് കൊണ്ടോട്ടി നഗരസഭ അധിക തുക ഈടാക്കുന്നെന്ന് പരാതി വ്യാപകം. തീര്‍ത്തും സൗജന്യമാണെന്ന് പ്രഖ്യാപിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ ഗുണഭോക്തൃ വിഹിതം ഈടാക്കുന്നെന്നാണ് പ്രധാന പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ രംഗത്തെത്തി. പൂർണമായും സൗജന്യമായി ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയില്‍ ഗുണഭോക്താക്കളില്‍നിന്ന് തുക ഈടാക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പദ്ധതിയുടെ ആകെ തുകയില്‍ പകുതി കേന്ദ്ര സര്‍ക്കാറും ബാക്കിയുള്ള തുക സംസ്ഥാന സര്‍ക്കാറും നഗരസഭയുമാണ് വഹിക്കേണ്ടത്. 30 ശതമാനത്തിലധികം തുക സംസ്ഥാന സര്‍ക്കാറും പിന്നീടാവശ്യമുള്ള തുക നഗരസഭയും വഹിച്ച് ശുദ്ധജലം ജനങ്ങള്‍ക്ക് സൗജന്യമായി ഉറപ്പാക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. ഇതിനിടയിലാണ് 1000 രൂപ നിരക്കില്‍ ജനങ്ങളില്‍നിന്ന് നഗരസഭ പണം ഈടാക്കുന്നത്.
നഗരസഭയില്‍ കിഫ്ബി പദ്ധതിയില്‍ വിതരണ ലൈന്‍ സ്ഥാപിച്ച വാര്‍ഡുകളിലാണ് നിലവില്‍ അമൃത് കണക്ഷന് നല്കിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാറുകള്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് നഗരസഭ ജനങ്ങളെ ചൂഷണം ചെയ്യുന്നതെന്ന് കിഫ്ബി വാട്ടര്‍ പ്രോജക്ട് പ്രൊട്ടക്ഷന്‍ ഫോറം ആരോപിച്ചു. 16.69 കോടി ചെലവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് അമൃത് പദ്ധതി നടപ്പാക്കുന്നത്. 108 കോടി രൂപ ചെലവഴിച്ച് കിഫ്ബി ശുദ്ധജല വിതരണ ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് കമീഷന് ചെയ്ത ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കുന്നത്. മൂന്നു വര്‍ഷം മുമ്പ് കിഫ്ബി പദ്ധതിയിലൂടെ 108 കോടി രൂപ ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നഗരസഭക്ക് അനുമതി ലഭിച്ചിരുന്നു. മറ്റു പ്രവൃത്തികളെ ചൊല്ലിയാണ് പരാതി. ഇക്കാര്യമുന്നയിച്ച് ഫോറം ഭാരവാഹികള്‍ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബിക്ക് പരിതി നല്കി.
നഗര പ്രദേശങ്ങളില്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ നഗരസഭ പരിധിയിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ശുദ്ധജല കണക്ഷനുകള്‍ നല്കാന് കഴിയുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. 2023 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിക്കുകയെന്നും ആദ്യ ഘട്ടമായി നഗരസഭയിലെ ഒന്നു മുതല്‍ 10 വരെ വാര്‍ഡുകളിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കാന്‍ സാധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.
ചീക്കോട് കുടിവെള്ള പദ്ധതിയിലെ ജലമാണ് ഇതിനായി ഉപയോഗിക്കുക. വിവിധ പദ്ധതികളിലായി മുമ്പ് നിര്‍മിച്ച ജലസംഭരണികളും മറ്റും അമൃത് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.